'സ്‌കിൽ മിത്ര 2019' പദ്ധതിയുമായി അസാപ്
ഇതര സംസ്ഥാന തൊഴിലാളികൾ സ്‌കിൽഡ് ലേബേഴ്‌സായി കേരളത്തിൽ വരുമാനം നേടുമ്പോഴും കേരളത്തിലെ യുവാക്കള്‍ തൊഴില്‍ രഹിതരായി തുടരുന്നതായി മന്ത്രി പി. തിലോത്തമൻ. ഇതിന് ഒരു പരിഹാരമായിട്ടാണ് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ആരംഭിക്കുന്നതെന്നും മന്ത്രി.
ആലപ്പുഴ: ബിരുദങ്ങള്‍ എറെയുണ്ടെങ്കിലും യുവതലമുറക്ക് തൊഴിൽ വൈദഗ്ധ്യമില്ലാത്തതാണ് സംസ്ഥാനം നേരിടുന്ന വെല്ലുവിളിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ് മന്ത്രി പി തിലോത്തമൻ. ഇതിന് പരിഹാരമായാണ് അസാപിന്‍റെ സ്‌കിൽ മിത്ര പദ്ധതി അവതരിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ 'സ്‌കിൽ മിത്ര 2019' എന്ന പേരിൽ സംഘടിപ്പിച്ച സ്‌കിൽ എക്‌സ്‌പോ വളവനാട് ക്ഷേത്രമൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന് കീഴിൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്‍റെയും പൊതു വിദ്യാഭ്യാസവകുപ്പിന്‍റെയും സംയുക്തസംരംഭമായി രൂപീകരിച്ച നൈപുണ്യ വികസന പദ്ധതിയാണ് അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്). 40 ലക്ഷത്തിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ സ്‌കിൽഡ് ലേബേഴ്‌സായി കേരളത്തിൽ വരുമാനം നേടുന്നുണ്ട്. എന്നാല്‍ കേരളത്തിലെ യുവജനത തൊഴിൽ രഹിതരായി തുടരുന്നു. ഈ സാഹചര്യത്തിന് പരിഹാരമായാണ് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ആരംഭിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ധനമന്ത്രി ഡോ ടി.എം തോമസ് ഐസക് അധ്യക്ഷനായി. കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മാതൃക അനാച്ഛാദനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി മാത്യു നിർവഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണി വിശ്വനാഥ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീന സനൽകുമാർ, മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തിലകൻ, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ് സന്തോഷ്, പി.എ ജുമൈലത്ത്, കെ. ശ്രീദേവി, കല, കെ. സുഭഗൻ, ജമീല പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.