ആലപ്പുഴ : മാവേലിക്കര കണ്ടിയൂർ നീലമന ഇല്ലം എൻ പരമേശ്വരൻ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. പ്രത്യേക പൂജകൾക്ക് ശേഷം എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്.
നീലമന പരമേശ്വരൻ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയുൾപ്പെടെ ഒൻപത് പേരായിരുന്നു മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപതാമതായാണ് പരമേശ്വരൻ നമ്പൂതിരിയെ നിർദേശിച്ചിരുന്നത്. ശബരിമലയിലെ ആദ്യ പുറപ്പെടാ മേൽശാന്തി എൻ. ഗോവിന്ദൻ നമ്പൂതിരിയുടെ സഹോദരനാണ് പരമേശ്വരൻ നമ്പൂതിരി. നിലവിൽ ഏവൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇദ്ദേഹം.
ALSO READ:അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു; രക്ഷാപ്രവര്‍ത്തനം സജീവം
തന്‍റെ ജീവിതാഭിലാഷം നിറവേറി എന്നും അയ്യപ്പന്‍റെ അനുഗ്രഹമാണ് തനിക്ക് ഈ അവസരം ലഭിക്കാൻ കാരണമായതെന്നും പരമേശ്വരൻ നമ്പൂതിരി പറഞ്ഞു. തൻ്റെ സഹോദരൻ 26 വർഷം മുൻപ് മേൽശാന്തി ആയിരിക്കെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തന്‍റെ കാര്യത്തിലും അതേ അനുഭവമാണ് ഉണ്ടായതെന്നും പരമേശ്വരൻ നമ്പൂതിരി പറഞ്ഞു.
നാരയണൻ നമ്പൂതിരിയുടെയും സുഭദ്രാ അന്തർജനത്തിന്‍റെയും രണ്ടാമത്തെ മകനായി മാവേലിക്കര നീലമന ഇല്ലത്തായിരുന്നു ജനനം. മുൻപ് ചെട്ടികുളങ്ങര, പമ്പ മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.