ആലപ്പുഴ: ചാരുംമൂട് വള്ളികുന്നത്ത് എസ്എഫ്ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർഎസ്എസ് നരനായാട്ടിൽ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി. വള്ളികുന്നത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയായ പതിനഞ്ചു വയസ് മാത്രം പ്രായമുള്ള അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പറഞ്ഞു. ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്‌ഠൻ അനന്ദുവിനെ ലക്ഷ്യം വച്ചെത്തിയ പരിശീലനം ലഭിച്ച ആർഎസ്എസ് ക്രിമിനൽ സംഘം, സഹോദരനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയതെന്നാണ് എസ്എഫ്ഐ പറയുന്നത്. സംഭവത്തില്‍ രണ്ടുപേർക്ക് കൂടി ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.
വിഷുദിനത്തിലും കൊലക്കത്തി രാഷ്‌ട്രീയവുമായി സ്‌കൂള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ തയ്യാറായ സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ ശക്തമായി പ്രതിഷേധം ഉയർത്തണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എം സച്ചിൻദേവും പ്രസിഡന്‍റ് വി.എ വിനീഷും പറഞ്ഞു.
വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉൽസവത്തനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിമന്യു കുത്തേറ്റ് മരിച്ചത്.