ആലപ്പുഴ :Alappuzha Shan Murder Case: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. കൊലപാതകം നടന്ന മണ്ണഞ്ചേരിയിൽ നിന്ന് ഏകദേശം 15 കി.മീറ്റർ അകലെ കണിച്ച് കുളങ്ങര ക്ഷേത്രത്തിന് വടക്ക് വശത്താണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. KL 7 BQ 7928 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയർ കാർ മണ്ണഞ്ചേരി സ്വദേശി ബേബിയുടെ ഉടമസ്ഥതയിലുള്ളതാണ്.
ഇയാളുടെ മകനിൽ നിന്ന് കാർ വാടകയ്‌ക്കെടുത്താണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. ബൈക്കിൽ സഞ്ചരിച്ച ഷാനെ ഈ കാർ ഇടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു കൊലപാതകം. സംഭവത്തിൽ മണ്ണഞ്ചേരി സ്വദേശി പ്രസാദ്, കുട്ടൻ എന്ന് വിളിക്കുന്ന രതീഷ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇവർ ആര്‍എസ്‌എസ് പ്രവർത്തകരാണെന്നും, കാർ വാടകക്കെടുത്ത് നൽകിയത് പ്രസാദാണെന്നും പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കാർ കണ്ടെത്തിയതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം കാർ ഇവിടെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതാണോയെന്ന് പൊലീസ് പരിശോധിക്കുന്നു.