ആലപ്പുഴ : മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ അക്രമി സംഘം വെട്ടിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സമീപത്തെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചതിൽ നിന്നാണ് ഷാനിനെ വെട്ടി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ബൈക്കിൽ ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിൽ എത്തിയ അക്രമി സംഘം ഇടിച്ചിട്ട ശേഷം വടിവാളുകൾ കൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്കും കാലിനും പലതവണ വെട്ടിയ ശേഷം ഗുരുതരാവസ്ഥയിലാക്കിയ ശേഷമാണ് സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
ഷാനിനെ വെട്ടിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ, സിസിടിവി ദൃശ്യങ്ങൾ പുറത്ത് കാർ ഡ്രൈവറെ കൂടാതെ മറ്റ് നാല് പേരാണ് ആക്രമണത്തിൽ പങ്കെടുത്തത് എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കാർ ഇടിച്ചതോടെ റോഡിലേക്ക് തെറിച്ചുവീണ ഷാനെ നാല് പേർ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
READ MORE:എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആർ.എസ്.എസെന്ന് ആരോപണം
ഷാനിന്‍റെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെയാണ് അക്രമി സംഘം പിന്മാറിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനിനെ നാട്ടുകാർ ചേർന്ന് ആദ്യം മണ്ണഞ്ചേരിയിലെയും പിന്നീട് അവിടെ നിന്ന് ആലപ്പുഴ നഗരത്തിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സയും സർജറിയും നടത്താൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് കുപ്പേഴം ജങ്ഷനിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ഈ പ്രദേശം പൊതുവെ ആളൊഴിഞ്ഞ പ്രദേശമാണ്. അതുകൊണ്ട് തന്നെയാണ് കൊലപാതകത്തിന് ഇവിടം തന്നെ തെരഞ്ഞെടുത്തത് എന്നാണ് പൊലീസിന്‍റെ നിഗമനം.
മണ്ണഞ്ചേരി ജങ്ഷനിൽ നിന്ന് നാല് കിലോമീറ്റർ മാറി ഷാൻ താമസിക്കുന്ന പൊന്നാടുള്ള വാടകവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു സംഭവം. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.