ആലപ്പുഴ : ജില്ലയിൽ അണുനശീകരണ പ്രവർത്തനങ്ങള്‍ ഇന്ന് മുതൽ ആരംഭിക്കും. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിവും പക്ഷികളെയും കൊന്ന് മറവ് ചെയ്‌ത സ്ഥലത്തുമാണ് അണുനശീകരണം നടത്തുക. ആവശ്യമെങ്കിൽ പരിസര പ്രദേശങ്ങളിലും അണുനശീകരണം നടത്താനാണ് ആരോഗ്യ-ശുചീകരണ പ്രവർത്തകർക്ക് മൃഗസംരക്ഷണ വകുപ്പ് അധികൃതർ നൽകിയ നിർദ്ദേശം.
പക്ഷിപ്പനി; അണുനശീകരണ നടപടികൾ ഇന്ന് മുതൽ
ദ്രുതപ്രതികരണ സംഘമാണ് ഓരോ പ്രദേശത്തും അണുനശീകരണത്തിന് നേതൃത്വം നൽകുന്നത്.
അപ്പർ കുട്ടനാട് മേഖലകളായ പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ അണുനശീകരണം നടത്തുക. ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ, സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി തുടങ്ങിയവയാണ് അണുനശീകരണത്തിനായി ഉപയോഗിക്കുന്നത്. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികൾ, ദേശാടന പക്ഷികൾ, പക്ഷി കാഷ്‌ഠം തുടങ്ങിയവ നേരിട്ട് കൈകാര്യം ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം വന്നാൽ മുൻകരുതൽ എന്ന നിലയിൽ മാസ്‌കും സാനിറ്റൈസറും മറ്റും ഉപയോഗിക്കണമെന്നും ജനങ്ങൾക്ക് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി.
ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ- റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും ഉൾപ്പെട്ട ദ്രുതപ്രതികരണ സംഘമാണ് ഓരോ പ്രദേശത്തും അണുനശീകരണത്തിന് നേതൃത്വം നൽകുന്നത്.