ആലപ്പുഴ : അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിന്‍റെ മുഴുവൻ തീരവും സംരക്ഷിക്കാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ജില്ല പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നൽകുന്ന ഫൈബർ റീ- ഇൻഫോഴ്‌സ്‌ഡ് വള്ളത്തിന്‍റേയും വലയുടെയും വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 590 കിലോമീറ്റര്‍ തീരദേശ മേഖലയിൽ 310 കിലോമീറ്റര്‍ സ്ഥലത്ത് മാത്രമാണ് നിലവിൽ കടൽ ഭിത്തിയുള്ളത്. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിൽ ഉടൻ അവ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരമേഖലാസംരക്ഷണത്തിന് നിരവധി പദ്ധതികള്‍
കടൽ ഭിത്തിക്ക് ബലക്ഷയം ഉള്ള സ്ഥലങ്ങളിൽ അവ ബലപ്പെടുത്തും. കടലാക്രമണം രൂക്ഷമായ മേഖലകളിൽ പ്രത്യേക പഠനം നടത്തി ശാസ്ത്രീയമായ രീതിയിലാകും നിർമിക്കുക.
സംസ്ഥാനത്തെ മുഴുവൻ തീരവും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ച് മന്ത്രി. ടെട്രാപാഡ്, ജിയോ ട്യൂബ്, ജൈവ കവചം തുടങ്ങിയ പദ്ധതികളാണ് തീരമേഖലയുടെ സംരക്ഷണത്തിനായി നടപ്പാക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് തീരമേഖലയുടെ 50 മീറ്റർ പരിധിയിൽ താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കുന്ന സ്ഥലത്ത് ജൈവ പദ്ധതി നടപ്പാക്കും.
ALSO READ:കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പുനരാരംഭിച്ച് സർക്കാർ
ചെല്ലാനം, ശംഖുമുഖം എന്നീ പ്രദേശങ്ങളിൽ തീര സംരക്ഷണത്തിനായി മാതൃകാപദ്ധതികൾ നടന്നുവരികയാണ്. തീരദേശവാസികളുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അടുത്ത അഞ്ച് വർഷംകൊണ്ട് തീര മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകും. ഉൾനാടൻ ജലാശയങ്ങളിൽ ഉൾപ്പടെ മത്സ്യസമ്പത്ത് വർധിപ്പിക്കാനുള്ള തീരുമാനങ്ങൾ നടപ്പാക്കും.
മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ഫൈബർ റീ-ഇൻഫോഴ്സ്ഡ് വള്ളം
എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ഇതിനാവശ്യമാണ്. സംസ്ഥാനത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ജില്ല പഞ്ചായത്തിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
വലയുടെ വിതരണോദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. സ്വന്തമായി മത്സ്യബന്ധനോപാധികൾ ഇല്ലാത്ത സമുദ്ര മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കാണ് ഫൈബർ റീ-ഇൻഫോഴ്സ്ഡ് വള്ളം നൽകുന്നത്. 75 ശതമാനം സബ്‌സിഡി നിരക്കിലാണ് വള്ളം ലഭ്യമാക്കുന്നത്.
93 പേർക്കാണ് പദ്ധതി പ്രകാരം വള്ളം ലഭിക്കുക. 38 ലക്ഷം രൂപയാണ് അടങ്കൽ തുക. 11 പേർക്കാണ് പുതിയ വല നൽകുന്നത്. 50 ശതമാനം സബ്‌സിഡി നിരക്കിലാണിത് നൽകുന്നത്.
അഞ്ചര ലക്ഷം രൂപയാണ് അടങ്കൽ തുക. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഉപ ഡയറക്ടർ എസ്.ഐ. രാജീവ് പദ്ധതി വിശദീകരിച്ചു. തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.