ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളത്ത് 108 ആംബുലന്‍സില്‍ തീപിടുത്തമുണ്ടായ അവസരത്തില്‍ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ സൈഫുദീന് അംഗീകാരം. പുന്നപ്ര കിഴവന തയ്യില്‍ എസ്. സൈഫുദീന് സ്ഥിര നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ ക്വാളിറ്റി അസിസ്റ്റൻ്റ് (നഴ്‌സിംഗ്) -കെംപ് എന്ന തസ്തിക സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജീവൻ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തി സൈഫുദീന്‍; ജോലി നല്‍കുമെന്ന് ആരോഗ്യമന്ത്രി - saifudeen news
108 ആംബുലന്‍സില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ സാഹസികമായാണ് സൈഫുദീന്‍ ആംബുലന്‍സിലുണ്ടായ രോഗിയെ രക്ഷിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് ഒരു രോഗിയെ മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനിടെ തീപിടുത്തം ഉണ്ടാവുകയായിരുന്നു. ഇതു കണ്ട ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ സൈഫുദീന്‍ സ്വന്തം ജീവന്‍പോലും പണയം വച്ച് ആ രോഗിയെ ആംബുലന്‍സില്‍ നിന്നും സുരക്ഷിതമായി ഇറക്കുകയായിരുന്നു. തുടർന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആംബുലന്‍സ് പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. സംഭവത്തിൽ സൈഫുദീന് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈഫുദീനെ ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രിയിലെത്തി കാണുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ധീര രക്ഷാ പ്രവര്‍ത്തനത്തിന് അംഗീകാരമായി സൈഫുദീനെ ആരോഗ്യ വകുപ്പ് പ്രത്യേക ചടങ്ങില്‍ അനുമോദിച്ചു. ബി.എസ്.സി. നഴ്‌സിങ് ബിരുദധാരിയായ സൈഫുദ്ദീന് സര്‍ക്കാര്‍ സര്‍വീസിലെ നഴ്‌സിങ് തസ്തികയില്‍ സ്ഥിരനിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.