ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്‍റെ കൊലപാതകത്തിൽ പങ്കെടുത്ത മുഖ്യപ്രതികളായ അഞ്ച് ആർഎസ്എസ് പ്രവർത്തകർ പിടിയിലായതായി പ്രത്യേക അന്വേഷണ സംഘം തലവൻ എഡിജിപി വിജയ് സാക്കറെ. പ്രതികളെ ഇന്നലെ കസ്റ്റഡിയിലെടുത്തു. അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഷാൻ വധക്കേസ്: പ്രധാന പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ പിടികൂടിയെന്ന് എഡിജിപി വിജയ് സാക്കറെ ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇവരിൽ അഞ്ചു പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും മറ്റു രണ്ടുപേർ പേർ പ്രതികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്‌തു നൽകിയവരുമാണെന്ന് വിജയ് സാക്കറെ പറഞ്ഞു.
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. അന്വേഷണ സംഘം പൂർണ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിൻ്റെ കൈയ്യിലുണ്ട്. ഇരു കൊലപാതകങ്ങളിലും പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള പരിശോധന തുടരുകയാണ്. അന്വേഷണം നിലവിൽ ഏത് സംസ്ഥാനം കേന്ദ്രീകരിച്ചാണെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും എഡിജിപി വ്യക്തമാക്കി. ഇരു കൊലപാതക കേസുകളിലും ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പഴുതടച്ച് ഉടൻ പിടികൂടുമെന്നും എഡിജിപി വിജയ് സാക്കറെ പറഞ്ഞു.
Also Read: സില്‍വര്‍ ലൈന്‍: ഡി.പി.ആര്‍ പുറത്തു വിടണമെന്ന് സി.പി.ഐ