ആലപ്പുഴ:കനത്ത മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും ശക്തമായതോടെ കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 800 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പമ്പാ ഡാം തുറന്നതോടെ കിഴക്കൻ വെള്ളത്തിന്‍റെ ഒഴുക്കും ശക്തമായിട്ടുണ്ട്. ഇതോടെ പമ്പാനദി, അച്ചൻകോവിൽ ആറുകൾ കരകവിഞ്ഞൊഴുകിയതും അപ്പർകുട്ടനാടൻ മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമായി. രാത്രി വൈകി ജലനിരപ്പ് വീണ്ടും ഉയരും എന്നതിനാൽ ആളുകളെ ജില്ലാ ഭരണകൂടം ഇടപെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.
കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു - കിഴക്കൻ വെള്ളം
പമ്പാ ഡാം തുറന്നതോടെ കിഴക്കൻ വെള്ളത്തിന്‍റെ ഒഴുക്കും ശക്തമായിട്ടുണ്ട്. ഇതോടെ പമ്പാനദി, അച്ചൻകോവിൽ ആറുകൾ കരകവിഞ്ഞൊഴുകിയതും അപ്പർ കുട്ടനാടൻ മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമായി.
![കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8358853-thumbnail-3x2-22.jpg)
ആലപ്പുഴ- ചങ്ങനാശ്ശേരി എസി റോഡിലൂടെയുള്ള ചെറുവാഹനങ്ങളുടെ കാറുകളുടെയും സഞ്ചാരം നിലച്ചിട്ടുണ്ട്. വെള്ളപ്പൊക്ക മേഖലയിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനായി ഏതാനും ടിപ്പർ ടോറസ് ലോറികൾ എസി റോഡിൽ ഓടിത്തുടങ്ങി. മനയ്ക്കച്ചിറ മുതൽ മങ്കൊമ്പ് വരെയുള്ള ഭാഗത്താണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. പ്രദേശത്തെ പ്രധാന റോഡുകളിൽ കനത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ചങ്ങനാശേരി മുതൽ കിടങ്ങറ വരെ റോഡ് പൊലീസ് അടച്ചു കെട്ടി ഗതാഗതം നിരോധിച്ചു.
ജനങ്ങൾ സാഹചര്യം മനസ്സിലാക്കി അതീവ ജാഗ്രത പുലർത്തണമെന്നും സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും പൊലീസും ജില്ലാ ഭരണകൂടവും അഭ്യർത്ഥിച്ചു. അമ്പലപ്പുഴ - തിരുവല്ല റോഡിന്‍റെ പലഭാഗങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലാണ്.