ആലപ്പുഴ: രാജ്യത്തിന്‍റെ എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനാഘോഷം ആലപ്പുഴയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മന്ത്രി ജി. സുധാകരൻ ദേശീയ പതാക ഉയർത്തി. ആഘോഷങ്ങളിൽ പങ്കെടുക്കാൻ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലെത്തിയ മന്ത്രിയെ ജില്ലാ കലക്‌ടർ എം. അഞ്ജന, ജില്ലാ പൊലീസ് മേധാവി കെ.എം ടോമി എന്നിവർ ചേർന്ന് സ്വീകരിച്ചു.
ആലപ്പുഴയിൽ റിപ്പബ്ലിക് ദിനാഘോഷം റിപ്പബ്ലിക് ദിന പരേഡിനെ അഭിവാദ്യം ചെയ്‌ത മന്ത്രി മാർച്ച് പാസ്റ്റിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തി. തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ലോക്കൽ പൊലീസ്, സായുധ പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, ഫയർഫോഴ്‌സ്, എൻസിസി, സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സ്, ബുൾബുൾസ്, കബ്‌സ് എന്നീ വിഭാഗങ്ങളുടെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.
ഇന്ത്യന്‍ ഭരണഘടന അതീവ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും സംരക്ഷിക്കേണ്ടവരില്‍ നിന്നുതന്നെ അതുണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും മന്ത്രി ജി. സുധാകരൻ. ലോകരാജ്യങ്ങളിൽ പ്രമുഖമായ ഒരു സ്ഥാനം ഇന്ത്യയ്‌ക്കുണ്ട്. വിജയകരമായ ജനാധിപത്യ പരീക്ഷണങ്ങൾ നടത്താനും പോരായ്‌മയുള്ള സര്‍ക്കാരുകളെ മാറ്റാനുമുള്ള അധികാരം ജനങ്ങള്‍ക്ക് നല്‍കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. കേരളം വിവിധ മേഖലകളിൽ മുന്നേറിയിട്ടുണ്ട്. ഭരണഘടനയെ സംരക്ഷിക്കുക എന്ന മഹത്തായ യജ്ഞം ഏറ്റെടുക്കുകയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്‍റെ പ്രത്യേകത.
പൊലീസിന്‍റെയും വിദ്യാർഥികളെയും ബാൻഡ് സെറ്റുകളുടെ അകമ്പടിയോടെയാണ് പരേഡ് നടന്നത്. അഡ്വ. എ.എം ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ, നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജനപ്രതിനിധികൾ, സ്വാതന്ത്ര്യസമര സേനാനികൾ, ഗാന്ധിയന്മാർ, അധ്യാപകർ, വിദ്യാർഥികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനും റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാനും എത്തിയത്. തുടർന്ന് പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്‌തു.