ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതികൾ സിം കാർഡ് എടുക്കാൻ ദുരുപയോഗം ചെയ്‌തത് പുന്നപ്രയിലെ വീട്ടമ്മയുടെ തിരിച്ചറിയൽ രേഖകൾ. പുന്നപ്ര സ്വദേശി വത്സലയുടെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌താണ് പ്രതികൾ സിം കാർഡ് തരപ്പെടുത്തിയത്. തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌ത് സിം സംഘടിപ്പിച്ച് പ്രതികൾക്ക് നൽകിയ മൊബൈൽ കട ഉടമയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആൻഡ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ ആധാർ വേരിഫിക്കേഷൻ നടത്തി. എന്നാൽ ഇതെല്ലാം വത്സല അറിയുന്നത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ്. ഒന്നുമറിയാതെയാണ് വത്സല മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയയായത്. ചോദ്യം ചെയ്യലിനിടെ ഇവർ പൊലീസ് സ്റ്റേഷനിൽ ബോധരഹിതയായി വീഴുകയും ചെയ്‌തിരുന്നു.