ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയായി പരിഗണിക്കുന്ന തോമസ് കെ. തോമസിനെതിരെ പാർട്ടിയിൽ കലാപക്കൊടി. കുട്ടനാട്ടിൽ പാർട്ടി ജനറല്‍ സെക്രട്ടറി സലിം പി. മാത്യുവിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി എൻസിപിയിലെ ഒരു വിഭാഗം രംഗത്തെത്തി. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിനെ മത്സരിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിൽക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.
കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; എൻസിപിയിലും കലാപക്കൊടി, വിമതനീക്കം ശക്തം - ncp over kuttanadu election
തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിനെ മത്സരിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിൽക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം
എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് എൻസിപി ജില്ലാ നേതൃത്വം പ്രതികരിച്ചു. കുട്ടനാട്ടിലെ സ്ഥാനാർഥിയെ സംബന്ധിച്ച് എൻസിപിയിൽ തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഒരു വിഭാഗം കുട്ടനാട്ടിൽ യോഗം ചേർന്ന് സ്ഥാനാർഥിയെ നിർദേശിച്ചത്. തോമസ് കെ. തോമസിന്‍റെ സ്ഥാനാർഥിത്വം അംഗീകരിക്കേണ്ടെന്നാണ് ജില്ലാ കമ്മറ്റി അംഗങ്ങൾ, മണ്ഡലം പ്രസിഡന്‍റുമാര്‍ എന്നിവർ ഉൾപ്പെട്ട യോഗത്തിന്‍റെ തീരുമാനം. പാർട്ടി ചുമതല വഹിക്കുന്ന സലിം പി. മാത്യു കുട്ടനാട്ടിൽ മത്സരിക്കണമെന്നും ഇവർ അവശ്യപ്പെടുന്നു. വർഷങ്ങളായി തോമസ് ചാണ്ടിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ് സലിം പി. മാത്യു. കുട്ടനാട്ടിൽ രാഷ്ട്രീയക്കാരനായ ഒരാളെ വേണം സ്ഥാനാർഥിയാക്കാൻ. കുട്ടനാട്ടുകാരുടെ വികാരം മനസിലാക്കാതെ സ്ഥാനാർഥി നിർണയം നടത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെങ്കിൽ കുട്ടനാട്ടിൽ കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും വിമത നേതാക്കൾ മുന്നറിയിപ്പ് നൽകി. എന്നാൽ തോമസ് ചാണ്ടിയുടെ ഭാര്യ മത്സരിച്ചാൽ പിന്തുണക്കുമെന്നും ഇവർ വ്യക്തമാക്കി. എൻസിപി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അരവിന്ദാക്ഷൻ, ജില്ലാ ജനറൽ സെക്രട്ടറി സോമശേഖരൻ, ജില്ലാ കമ്മിറ്റി അംഗം എംവി മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം തോമസ് കെ. തോമസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം യോഗം ചേർന്നവരിൽ ഭൂരിഭാഗവും പാർട്ടിയിൽ നിലവിൽ പ്രവർത്തിക്കാത്തവരാണെന്നും വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നതെന്നും ജില്ലാ പ്രസിഡന്‍റ് എൻ. സന്തോഷ് കുമാർ പ്രതികരിച്ചു.