ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയാതായി പൊലീസ്. മണ്ണഞ്ചേരി പഞ്ചായത്ത് ചാവടിയിൽ സക്കീർ ഹുസൈന്‍റെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒന്നര മാസക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
രഞ്ജിത്ത് ശ്രീനിവാസൻ വധം: മുഖ്യ സൂത്രധാരനെ പിടികൂടി കൊല്ലപ്പെട്ട എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാനിന്‍റെ സുഹൃത്തും എസ്‌ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്‍റുമാണ് പിടിയിലായ സക്കീർ ഹുസൈനെന്ന് അന്വേഷണ സംഘത്തിന്‍റെ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്‌പി എൻ.ആർ ജയരാജ് പറഞ്ഞു.
ആലപ്പുഴ നഗരത്തിലും മണ്ണഞ്ചേരിയിലുമായാണ് രഞ്ജിത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ഇവരിൽ 8 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും മറ്റുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തവരും പ്രതികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്‌ത് നൽകിയവരുമാണെന്ന് പൊലീസ് അറിയിച്ചു.
സക്കീർ ഹുസൈനെ ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും തുടരന്വേഷണം ഊർജിതമായി തന്നെ നടക്കുന്നുണ്ടെന്നും ആലപ്പുഴ ഡിവൈഎസ്‌പി അറിയിച്ചു.
Also Read: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്; യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും