ആലപ്പുഴ: ശക്‌തമായ മഴയെതുടർന്ന് അപ്പർ കുട്ടനാടൻ മേഖല വെള്ളപൊക്ക ഭീഷണിയിൽ. ആലപ്പുഴ ജില്ലയിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. അപ്പർ കുട്ടനാടൻ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി.
ആലപ്പുഴ ജില്ലയിൽ കനത്ത മഴ; അപ്പർ കുട്ടനാടൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ കനത്ത മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവുമാണ് കുട്ടനാട്, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരാൻ കാരണം. ചിലയിടങ്ങളിൽ ജലനിരപ്പ് അപകട മുന്നറിയിപ്പ് സാധ്യത പരിധിക്ക് മുകളിലാണ്. പരമാവധി വെള്ളം തോട്ടപ്പള്ളി വഴിയും തണ്ണീർമുക്കം ബണ്ട് വഴിയും കടലിലേക്ക് വിടുന്നുണ്ട്.
ഇരുസ്ഥലങ്ങളിലെയും മുഴുവൻ ഷട്ടറുകളും ഉയർത്തി. വെള്ളം കയറിയതിനെ തുടർന്ന് ജനജീവിതം ദുരിതത്തിലാണ്. വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട സ്ഥിതിയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 40 ഓളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു. ജലനിരപ്പ് വീണ്ടും ഉയരുകയാണെങ്കിൽ കൂടുതൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് ജില്ല ഭരണകൂടം.