ആലപ്പുഴ: മഴക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്‌ടപരിഹാരം ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വേനല്‍മഴയുടെ പശ്ചാത്തലത്തില്‍ സംഭവിച്ച നാശനഷ്‌ടങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സംയുക്തയോഗത്തിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. ആലപ്പുഴ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍, ജനപ്രതിനിധികളുള്‍പ്പടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വേനല്‍മഴയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കും; റവന്യൂ മന്ത്രി കെ രാജന്‍
മഴക്കെടുതിയിലെ നാശനഷ്‌ടങ്ങള്‍ വിലയിരുത്താന്‍ ആലപ്പുഴ കളക്‌ട്രേറ്റില്‍ ജനപ്രതിനിധികളും വിവധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു
വേനൽ മഴ അപ്രതീക്ഷിതമായാണ് വന്നത്. ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളം പമ്പ് ചെയ്‌ത് കളഞ്ഞ് നിലവിലുള്ള കൃഷിയിൽ നിന്ന് ആദായം എടുക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. കർഷകരുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ സംവിധാനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പ്രവർത്തനം സമഗ്രമായ നിലയിൽ തന്നെ നടക്കുന്നുണ്ട്. അടിയന്തരമായി ഇവ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിക്ക് പുറമെ എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എഎം ആരിഫ്, എംഎല്‍എ മാരായ പിപി ചിത്തരഞ്ജന്‍, തോമസ് കെ തോമസ്, എംഎസ് അരുണ്‍കുമാര്‍, എച്ച് സലാം, ജില്ലാ കളക്‌ടര്‍ ഡോ രേണുരാജ് എന്നിവരും യോഗത്തില്‍ സംസാരിച്ചു.