കൊല്ലം:Prohibited Tobacco Products Siezed: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ബൈപാസ് റോഡിൽ കിളികൊല്ലൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഒന്നര കോടിയോളം രൂപ വിലവരുന്ന രണ്ടേകാൽ ലക്ഷത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. രണ്ട് ലോറികളിലായി കൊണ്ടുവരികയായിരുന്ന 90 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിയിലായത്. സംസ്ഥാനത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന സംഘത്തിന്‍റെ പുകയില ഉൽപ്പന്നങ്ങളാണ് പിടിയിലായിട്ടുള്ളത്.
ഒരു ലോറി പൊലീസ് പിടികൂടുന്നതു കണ്ട് പിന്നാലെ വരികയായിരുന്ന ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപെട്ടു. ഒരു ലോറിയുടെ ഡ്രൈവർ അറസ്‌റ്റിലായി. ചാലക്കുടിയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടിയിലായത്.
ഡി.ജി.പി.യുടെ കാവൽ, റേഞ്ച് ഡി.ഐ.ജിയുടെ ഓപ്പറേഷൻ ട്രോജൻ എന്നീ പദ്ധതികളുടെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്‍റെ നിർദ്ദേശ പ്രകാരം ബൈപാസ് റോഡിൽ കല്ലുംതാഴം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഒന്നര കോടിയോളം രൂപ വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
തൃശൂർ വേലൂപ്പാടം വരന്തരപ്പള്ളി കണ്ണൂർ കാടൻ പ്രമോദ് (37) ആണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായത്. ലോറി ഉപേക്ഷിച്ചു രക്ഷപെട്ട ഡ്രൈവറെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ALSO READ:നിയമ വിദ്യാർഥിയുടെ വീട്ടിൽ മയക്കുമരുന്ന് ശേഖരം; 11 ഗ്രാം എംഡിഎംഎ പിടികൂടി