ആലപ്പുഴ: യുഡിഎഫ് ഭരണം ഉറപ്പിച്ച മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച പഞ്ചായത്ത് അംഗം സിപിഎമ്മിന് വോട്ട് ചെയ്തതോടെയാണ് പഞ്ചായത്ത് ഭരണം എൽഡിഎഫ് നേടിയത്.
യുഡിഎഫ് ഭരണം ഉറപ്പിച്ച മാന്നാറിൽ എൽഡിഎഫിന് വിജയം - മാന്നാർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തു
എട്ടംഗ യുഡിഎഫ് പാനലിൽ ഒരു സ്വതന്ത്രന്‍റെ പിന്തുണ കൂടി നേടിയാണ് യുഡിഎഫ് ഇവിടെ ഭരണമുറപ്പിച്ചിരുന്നത്. ഈ പാനലിൽ നിന്നാണ് കോൺഗ്രസ് അംഗം അവസാന നിമിഷം എൽഡിഎഫിനെ പിന്തുണച്ചത്
എൽഡിഎഫിലെ ടി വി രത്നകുമാരിയാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. മാന്നാർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ച സിപിഎമ്മിലെ രത്നകുമാരിക്ക് കൈപ്പത്തി ചിഹ്നത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച സുനിൽ ശ്രദ്ദേയ പിന്തുണ നൽകുകയായിരുന്നു. എട്ടംഗ യുഡിഎഫ് പാനലിൽ ഒരു സ്വതന്ത്രന്‍റെ പിന്തുണ കൂടി നേടിയാണ് യുഡിഎഫ് ഇവിടെ ഭരണമുറപ്പിച്ചത്. ഈ പാനലിൽ നിന്നാണ് കോൺഗ്രസ് അംഗം സുനിൽ അവസാന നിമിഷം എൽഡിഎഫിനെ പിന്തുണച്ചത്. 18 അംഗ പഞ്ചായത്തിൽ ഒരു സ്വതന്ത്രനെ കൂടാതെ യുഡിഎഫിനും എൽഡിഎഫിനും എട്ട് വീതവും എൻഡിഎയ്ക്ക് ഒരംഗവുമാണുള്ളത്.
ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്താണ് മാന്നാർ. വൈസ് പ്രസിഡന്‍റ് സ്ഥാനമായിരുന്നു സുനിൽ ശ്രദ്ദേയ്ക്ക് എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നത്. തുടർന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത സുനിൽ ശ്രദ്ദേയത്തെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. ഇരുവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തുടർന്ന് എൽഡിഎഫ് പ്രവർത്തകർ മാന്നാർ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.