ആലപ്പുഴ: കേരളത്തിന്‍റെ വിപ്ലവ നക്ഷത്രം കെ ആർ ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം ഒരുക്കുന്നത് രക്തസാക്ഷികളുടെ മണ്ണായ ആലപ്പുഴ വലിയ ചുടുകാട് പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മേൽനോട്ടത്തിലാണ് അന്ത്യകർമ്മങ്ങൾക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. മരണവാർത്ത അറിഞ്ഞത് മുതൽ നിരവധി പേരാണ് ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ആലപ്പുഴയിൽ എത്തുന്ന ഭൗതിക ശരീരം രണ്ട് മണിക്കൂർ ആലപ്പുഴ എസ്‌ഡിവി സെനറ്ററിഹാളിൽ പൊതുദർശനത്തിന് വെയ്ക്കും.
ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം രക്തസാക്ഷികളുടെ മണ്ണിൽ - പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മേൽനോട്ടത്തിലാണ് അന്ത്യകർമ്മങ്ങൾക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്
ബന്ധുക്കളും പാർട്ടി പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇവിടെയെത്തി അന്ത്യോപചാരം അർപ്പിക്കും. തുടർന്ന് ആറ് മണിയോടെ ആലപ്പുഴ വലിയചുടുക്കാട് രക്തസാക്ഷി മണ്ഡപത്തിലേക്ക് കൊണ്ടുപോകും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുക. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നത് എന്നത് കൊണ്ട് തന്നെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. സംസ്കാര ചടങ്ങുകൾക്ക് ഇരുകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും നേതൃത്വം നൽകും. ഗൗരിയമ്മയുടെ ജീവിതപങ്കാളിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ടി വി തോമസ് അന്ത്യവിശ്രമം കൊള്ളുന്നതിന്‍റെ തൊട്ടരികിൽ തന്നെയാണ് ഗൗരിയമ്മയ്ക്കും ചിതയൊരുക്കിയിരിക്കുന്നത്.