ആലപ്പുഴ:മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്‍റെ ഭാഗമായി തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. ഹിറ്റാച്ചിയുൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പോഴി മുറിക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങിയത്. നിലവിൽ പൊഴിയിലെ ചാല് കീറുന്ന നടപടികളാണ് പുരോഗമിക്കുന്നത്. എന്നാൽ ജലനിരപ്പ് സ്‌പിൽ വേയ്ക്ക് കിഴക്ക് കടലിലേക്ക് ഒഴുകിപ്പോകുന്ന നിരപ്പിലേക്ക് ഉയർന്നിട്ടില്ല. ഏത് സമയത്തും ആവശ്യമായി വന്നാൽ പൊഴി തുറന്ന് വെള്ളം ഒഴുക്കിവിടുന്നതിന് തയ്യാറെടുത്തു കഴിഞ്ഞതായി ജലസേചന വകുപ്പ് അറിയിച്ചു.
Also Read:സംസ്ഥാനത്ത് അതിതീവ്ര മഴ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
നിയുക്ത എംഎൽഎ എച്ച്. സലാം, ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടർ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. സുദർശനൻ, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബിനുബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.എസ്. മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ഉണ്ണി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ഇന്ന് തോട്ടപ്പള്ളി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. കുട്ടനാട് ഭാഗത്തെ ജലനിരപ്പ് നിശ്ചിത പരിധിയിൽ കൂടുതൽ ഉയർന്നാൽ ഉടൻ വെള്ളം ഇറക്കിവിടാനുള്ള ക്രമീകരണമാണ് നടത്തുന്നത്. കൂടാതെ ജലസേചന വകുപ്പിന്‍റെ നേതത്വത്തിൽ തണ്ണീർമുക്കം ബണ്ടും തുറന്നുതുടങ്ങിയിട്ടുണ്ട്. ഇവിടുത്തെ 90 ഷട്ടറുകളിൽ 30 എണ്ണം നിലവിൽ ഉയർത്തിയിട്ടുണ്ട്.
Also Read:കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തുടർന്ന് നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് ഞായറാഴ്‌ചയോടെ ടൗട്ടെ ചുഴലിക്കാറ്റായി മാറുമെന്നും വടക്ക് -പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥം കേരള തീരത്തോട് ചേർന്നായിരിക്കുമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.