ആലപ്പുഴ : ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം മൂര്‍ഛിക്കെ മന്ത്രി ജി സുധാകരനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎല്‍എ. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പോസ്റ്റിന് താഴെ സിപിഎം പ്രവർത്തകരുടെ തന്നെ പ്രതിഷേധ കമന്‍റുകൾ വന്നതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചു. മന്ത്രി ജി സുധാകരനെ ലക്ഷ്യം വെച്ചാണ് ഇതെന്ന് ആക്ഷേപമുയർന്നപ്പോൾ എംഎൽഎ പോസ്റ്റിലെ ഫോട്ടോ മാറ്റി പകരം തന്‍റെ ചിത്രമിട്ട് തടിതപ്പി.
കൂടുതൽ വായനയ്‌ക്ക്:ഒത്തുതീർപ്പ് ചർച്ച പരാജയം; സുധാകരനെതിരായ പരാതി പിൻവലിക്കില്ലെന്ന് വനിത നേതാവ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ എഡിറ്റഡ് ഹിസ്റ്ററിയിൽ ഇക്കാര്യം വ്യക്തമാണ്. ഇത് ഓർക്കാതെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് പകരം തന്‍റെ ഫോട്ടോ ഇട്ടത്. സംഭവം വിവാദമായതോടെ സിപിഎം നേതൃത്വം പോസ്റ്റ് പിൻവലിക്കാൻ എംഎല്‍എയോട് നിര്‍ദേശിച്ചതാണെന്ന് സൂചനയുണ്ട്. എന്നാൽ ഇടത് എംഎൽഎ, പോസ്റ്റിലാണെങ്കിലും ദൈവത്തെ കൂട്ടുപിടിക്കുന്നതില്‍ ചിലര്‍ അഭിനന്ദനമറിയിക്കുകയും ചെയ്തു. എംഎൽഎ ഡിലീറ്റ് ചെയ്‌ത പോസ്റ്റിന്‍റെ സ്ക്രീൻഷോട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
ഏറെ നാളായി മന്ത്രി ജി സുധാകരനും കായംകുളം എംഎൽഎ യു പ്രതിഭയും തമ്മിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ സിപിഎം കായംകുളം ഏരിയ നേതൃത്വവുമായും ഡിവൈഎഫ്ഐ നേതാക്കളുമായും നിരന്തരം കലഹത്തിലുമാണ്. കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനെതിരെ എസ്എഫ്ഐ മുൻ വനിത നേതാവിന്‍റെ പരാതി കൂടി ഉയർന്നതോടെയാണ് എംഎൽഎ മന്ത്രിക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയതെന്നാണ് സൂചന.