ആലപ്പുഴ:ഗൗരിയമ്മ കാലത്തിന് മുൻപേ നടന്ന ക്രാന്തദർശിയായ നേതാവെന്ന് നിയുക്ത എംഎൽഎ പി. പി. ചിത്തരഞ്ജൻ. ഏഴര പതിറ്റാണ്ട് കാലം രാഷ്ട്രീയ കേരളത്തിൽ നിറഞ്ഞു നിന്ന വിപ്ലവ നക്ഷത്രമാണ് ഗൗരിയമ്മ. മഹത്തായ ഭൂപരിഷ്കരണ നിയമത്തിന്‍റെ ശിൽപ്പിയെന്ന നിലയിൽ കേരള ചരിത്രം എന്നും ഗൗരിയമ്മയെ നെഞ്ചിലേറ്റും. കേരളത്തിൽ ഗൗരിയമ്മയോളം ത്യാഗം സഹിച്ച മറ്റൊരു വനിതാ നേതാവില്ല. വിപ്ലവകേരളത്തിന് അതുല്യയായ നേതാവിനെയാണ് നഷ്ടമായത്.
ഗൗരിയമ്മ കാലത്തിന് മുൻപേ നടന്ന ക്രാന്തദർശിയായ നേതാവ്: പി പി ചിത്തരഞ്ജൻ - പി പി ചിത്തരഞ്ജൻ
ഗൗരിയമ്മയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപെടുത്തുന്നതായും രാഷ്ട്രീയ കേരളത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ചിത്തരഞ്ജൻ പറഞ്ഞു.
കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്‍റെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ മഹത്തരമാണ്. വനിതാ ശാക്തീകരണത്തിനും അധസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുമായി ഗൗരിയമ്മ നടത്തിയ പോരാട്ടങ്ങൾ എന്നും സ്മരിക്കപ്പെടും. ഭരണാധികാരി എന്ന നിലയിൽ നടത്തിയ ഇടപെടലുകളും സംഭാവനകളും സമാനതകൾ ഇല്ലാത്തതാണ്. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം വൈകാരികമായ ബന്ധം എന്നും സൂക്ഷിച്ചിരുന്നു.
രാഷ്ട്രീയത്തിനപ്പുറം എല്ലാവരും ഒരമ്മയെ പോലെ സ്നേഹിച്ച, ബഹുമാനിച്ച ഉന്നതമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഗൗരിയമ്മയുടെ വിയോഗം വ്യക്തിപരമായി തീരാനഷ്ടമാണ് തനിക്ക് ഉണ്ടാക്കിയത്. കെ ആർ ഗൗരിയമ്മയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപെടുത്തുന്നതായും രാഷ്ട്രീയ കേരളത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ചിത്തരഞ്ജൻ കൂട്ടിച്ചേർത്തു.