ആലപ്പുഴ:മന്ത്രി ജി സുധാകരനെതിരെ പൊലീസിനെ സമീപിച്ച പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്‍റെ ഭാര്യയാണ് യുവതി. ഇവര്‍ എസ്എഫ്ഐ മുന്‍ നേതാവുമാണ്. അമ്പലപ്പുഴ പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. മന്ത്രിയുടെ പരാമർശം മുഴുവൻ സ്ത്രീ സമൂഹത്തിനും എതിരാണെന്നും തന്‍റെ കാര്യം കൂടി മാധ്യമ പ്രവർത്തകരോട് പറഞ്ഞത് തന്നെ മാനസികമായി വേദനിപ്പിച്ചെന്നും ഇവരുടെ മൊഴിയിലുണ്ട്. പരാതിക്കാധാരമായ തെളിവ് ഹാജരാക്കാമെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ജില്ല പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. അതേസമയം തനിക്കെതിരെ രാഷ്ട്രീയ ക്രിമിനലിസം പിടിമുറിക്കിയിരിക്കുകയാണെന്നായിരുന്നു മന്ത്രി ജി.സുധാകരന്‍റെ പ്രതികരണം.
Also read: ജി സുധാകരനെതിരായ പരാതി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരി
സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ചായിരുന്നു ജി സുധാകരനെതിരെ യുവതി പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പ്രസ്താവന നടത്തിയെന്നാണ് യുവതിയുടെ പരാതി.