ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് പതിനഞ്ചുകാരൻ അഭിമന്യുവിനെ ക്ഷേത്രപരിസരത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. വള്ളികുന്നം സ്വദേശിയായ സജയ് ദത്ത് കേസിലെ മുഖ്യപ്രതിയെന്നാണ് പൊലീസ് നിഗമനം. അഭിമന്യുവിനെ കുത്തിയ നാലംഗ സംഘത്തിൽ ഉൾപ്പെട്ട സജയ് ദത്ത് പ്രാദേശിക ആർഎസ്എസ് - യുവമോർച്ച പ്രവർത്തകനാണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഭിമന്യു കൊലപാതകം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു - മുഖ്യപ്രതി
വള്ളികുന്നം സ്വദേശിയായ സജയ് ദത്ത് കേസിലെ മുഖ്യപ്രതിയെന്നാണ് പൊലീസ് നിഗമനം.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്തിന്‍റെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാനായി വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പടയണിവട്ടം ക്ഷേത്രോൽസവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് ഈ സംഭവമെന്ന് പൊലീസ് പറയുന്നു.
സംഭവത്തിന് പിന്നില്‍ ആർഎസ്‌എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ആരോപിച്ച് സിപിഎം രംഗത്തെത്തി. അഭിമന്യുവിനെ കുത്തിക്കൊന്ന സജയ് ദത്ത് ആർഎസ്എസ് പ്രവർത്തകനാണെന്നും സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമല്ല, ഉത്സവപറമ്പിലെ തര്‍ക്കമാണെന്നാണ് പൊലീസ് നിലപാട്.