ആലപ്പുഴ: ഓടിക്കോണ്ടിരുന്ന ടാങ്കർ ലോറിയിൽനിന്ന് ഇന്ധനം ചോർന്നു. അഗ്നിരക്ഷാസേനയുടെയും ജനങ്ങളുടെയും സമയോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി. ഇന്നലെ രാത്രിയാണ് സംഭവം. ആലപ്പുഴ കണ്ണൻവർക്കി പാലത്തിന് സമീപത്താണ് സംഭവം. എറണാകുളത്തുനിന്ന് പന്തളത്തെ സ്വകാര്യ പെട്രോൾ പമ്പിലേക്ക് ഇന്ധനം കൊണ്ടുപോയ ടാങ്കർലോറിയിലാണ് ചോർച്ച ഉണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും പെട്രോൾ വലിയ അളവിൽ ചോർന്നിരുന്നു. 12,000 ലിറ്റർ ടാങ്കിൽ 4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലുമുണ്ടായിരുന്നു.
ഓടിക്കോണ്ടിരുന്ന ടാങ്കർ ലോറിയിൽനിന്ന് ഇന്ധനം ചോർന്നു - ആലപ്പുഴ
എറണാകുളത്തുനിന്ന് പന്തളത്തെ സ്വകാര്യ പെട്രോൾ പമ്പിലേക്ക് ഇന്ധനം കൊണ്ടുപോയ ടാങ്കർലോറിയിലാണ് ചോർച്ച ഉണ്ടായത്
അഗ്നിരക്ഷാസേന തൊട്ടടുത്ത കടയിൽനിന്ന് വാങ്ങിയ എംസീൽ, കൈവശമുണ്ടായിരുന്ന റബർ ഷീറ്റ്, സേനയുടെ ഓസ് എന്നിവയുപയോഗിച്ച് ചോർച്ചയുടെ അളവ് നിയന്ത്രിച്ചു. ലോറിക്കടിയിൽ ബക്കറ്റ് കെട്ടി ഏറ്റവുമടുത്ത പമ്പിലെത്തിച്ച് പെട്രോൾ മാറ്റാനായിരുന്നു ശ്രമം. സർക്കാർ പമ്പിലെത്തിയെങ്കിലും പ്രീമിയം പെട്രാേൾ സ്വീകരിക്കാത്തതിനാൽ ശ്രമം പരാജയപ്പെട്ടു. പിന്നീട് ജനറൽ ആശുപത്രി ജങ്ഷനിലെ ഇന്ത്യൻ ഓയിൽ പമ്പിലെത്തുകയായിരുന്നു. ടാങ്കർ എത്തിച്ചെങ്കിലും ഒടിപി സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലോക്ക് ആയതിനാൽ വീണ്ടും പ്രതിസന്ധിയുണ്ടായി. പിന്നീട് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ഈ സമയം തീപ്പൊരിയുണ്ടാകാതിരിക്കാൻ ഫോമും വെള്ളവുമുപയോഗിച്ച് ശ്രദ്ധാപൂർവമായിരുന്നു പ്രവൃത്തി. തുടർന്നാണ് ഇന്ധനം ശേഖരിച്ചത്. പമ്പ് മുഴുവൻ ഫോം അടിച്ച് സുരക്ഷ ഉറപ്പാക്കിയാണ് സേന മടങ്ങിയത്. ആലപ്പുഴ സൗത്ത് പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.