ആലപ്പുഴ :കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളത്തിന്‍റെ വരവ് വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെയും അപ്പർകുട്ടനാടൻ മേഖലയിലെയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി തുടങ്ങി. പൊലീസ്-അഗ്നിശമന സേന ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ,സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കിടപ്പ് രോഗികളെയും സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യഘട്ടത്തിൽ ക്യാമ്പുകളിലേക്ക് മാറ്റിയത്. അതിശക്തമായ മഴയും കൊവിഡ് രോഗവ്യാപനവും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
കിഴക്കന്‍ ജില്ലകളില്‍ മഴ കുറയുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലയില്‍ പ്രത്യേകിച്ച് കുട്ടനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട് മേഖലകളില്‍ ജലനിരപ്പ് ഇന്ന്(17/10/2021) പകല്‍ ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.