ആലപ്പുഴ: അവൻ ആനകുത്തിയാലും കുലുങ്ങില്ലെന്ന് ചിലരെക്കുറിച്ച് പറയുന്നത് നമ്മള്‍ കേട്ടിട്ടില്ലേ. അതുപോലെ ഒരാളുണ്ട് ഇങ്ങ് ആലപ്പുഴയില്‍. ആര്യാട് സ്വദേശി കെ ഡി കുര്യാക്കോസ് എന്ന നാടക നടൻ.
കുര്യാക്കോസേട്ടന്‍റെ ബലം സ്വന്തം ശരീരം തന്നെയാണ്. വയറുകൊണ്ടും മറ്റും നിരവധി അഭ്യാസങ്ങളാണ് ആശാൻ കാണിക്കുന്നത്. വയറ് വെള്ളം പോലെയാക്കാനും അതേ സമയം തന്നെ പാറപോലെ ഉറപ്പിച്ച് നിർത്താനും കഴിയും. വെള്ളംപോലെ ഇളകുന്ന വയറിനെ ഞൊടിയിടയിലാണ് പാറപോലെ ഉറപ്പിക്കുന്നത്.
ആര് വയറിൽ കുത്തിയാലും ആ വിരലുകളെ വയറുകൊണ്ട് തന്നെ തട്ടിത്തെറിപ്പിക്കും. പിന്നെ ആ വയറിന് ഒരു ചെറുഅനക്കം പോലും ഉണ്ടാവില്ല. അത്ര ഉറപ്പോടെ നിർത്താൻ ഈ അഭ്യാസിക്ക് കഴിയും. വെല്ലുവിളി ഏറ്റെടുത്തവര്‍ക്കൊക്കെ ചേട്ടന്‍റെ മുന്നിൽ തോറ്റ് മടങ്ങാനേ കഴിഞ്ഞിട്ടുള്ളൂ.
ആനകുത്തിയാലും അനങ്ങില്ല, കുലുങ്ങില്ല കുര്യാക്കോസ് വെള്ളത്തിൽ എത്രനേരം വേണമെങ്കിലും പൊങ്ങിക്കിടക്കാനും കുര്യാക്കോസ് ചേട്ടന് കഴിയും. രണ്ടാളുകൾ ചേർന്ന് പിടിച്ചു തിരിച്ചാലും അനങ്ങില്ല ആ കഴുത്തുകൾ. അത്രയ്ക്ക് ബലമാണ് അതിനും. പരീക്ഷണങ്ങൾ ഏറെ നടന്നതാണ്. പരിശ്രമിച്ചവർക്ക് നിരാശയായിരുന്നു ഫലം.
ALSO READ:പിരിയാന്‍ വയ്യ, പിടിച്ചുവയ്ക്കാനും വയ്യ ; പോയ് വരൂ പ്രിയപ്പെട്ട പക്ഷി
കഴുത്ത് ഞെരിച്ചും വയറിൽ കുത്തിയും നിരവധിപേരാണ് കുര്യാക്കോസ് ചേട്ടന്‍റെ അഭ്യാസങ്ങൾക്ക് മുന്നിൽ കൗതുകത്തോടെ എത്തുന്നത്. അഭ്യാസങ്ങൾ കണ്ടു തിരികെ പോകുമ്പോൾ എല്ലാവരിലും ഒരു ചെറുചിരിയുണ്ടാവും. ശരീരം തന്നെയാണ് തന്‍റെ ബലമെന്നും ദിവസവും മുടങ്ങാതെ ചെയ്യുന്ന വ്യായാമവും പരിശീലനവുമാണ് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്നുമാണ് കുര്യാക്കോസ് ചേട്ടന്‍റെ പക്ഷം.
പലതും പലരിൽ നിന്നായി കണ്ടുപഠിച്ച് സ്വയം പരിശീലിച്ച് നേടിയ കഴിവുകളാണ്. ഇതിനെല്ലാം പുറമെ മറ്റൊരു സവിശേഷത കൂടിയുണ്ട് കുര്യാക്കോസിന്. കറണ്ടടിച്ചാൽ ഏൽക്കില്ല. അതിലും പരീക്ഷണങ്ങൾ ഏറെ നടന്നതാണ്.
എത്ര വോൾട്ടിന്‍റെ വൈദ്യുതി പ്രവഹിച്ചാലും ഈ ശരീരത്തിന് അതൊരു പ്രശ്‌നമേയല്ല. തന്നെ കറണ്ടടിച്ചു എന്ന് ചിലപ്പോൾ പുള്ളിക്കാരന്‍ അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. 67 വയസുണ്ട് കുര്യാക്കോസിന്. 50 വർഷത്തിലേറെയായി നാടക രംഗത്ത് പ്രവർത്തിക്കുന്നു.
നാടക നടനെന്ന നിലയിൽ ഒട്ടേറെ വേഷപ്പകർച്ചകൾ നടത്തിയ കുര്യാക്കോസ് ചേട്ടന്‍ പക്ഷെ ജീവിതത്തിൽ അഭിനയിക്കാറില്ല. കുട്ടികൾ മുതൽ എത്ര മുതിർന്നവർ ആയാലും കുര്യാക്കോസ് ചേട്ടന്‍റെ മുന്നിലെത്തിയാൽ കുട്ടിയാവും. പിന്നെ ചേട്ടന്‍റെ കസര്‍ത്തുകൾക്ക് മുന്നിൽ കൗതുകത്തോടെ നോക്കി നിൽക്കും.
കുര്യാക്കോസിന്‍റെ ഈ സവിശേഷതകൾ കേട്ടറിഞ്ഞ് ഒരുപാടാളുകളാണ് അഭ്യാസങ്ങൾ കണ്ടറിയാൻ എത്തുന്നത്. ശരീരംകൊണ്ടും സംസാരം കൊണ്ടും ആളുകളെ രസിപ്പിക്കുന്ന കുര്യാക്കോസിനെ ഏറെ അത്ഭുതത്തോടെയും അതിലേറെ കൗതുകത്തോടെയുമാണ് എല്ലാവരും നോക്കി കാണുന്നത്. അഭ്യാസങ്ങളിൽ നാട്യങ്ങളില്ലാത്ത ഈ നാടക നടന്‍റെ കസര്‍ത്തുകൾക്ക് ആരാധകരും ഏറെയാണ്.
ALSO READ:Heart Touching| മയില്‍ കുഞ്ഞുങ്ങള്‍ക്ക് ഇനി കോഴിയമ്മയുടെ ചൂടില്ല, ജീവിതം ഒറ്റയ്ക്ക്