ആലപ്പുഴ: സ്കൂളിന് സമീപം ആരംഭിച്ച കൊറോണ ഐസൊലേഷൻ വാർഡ് മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും ദേശീയ പാത ഉപരോധിച്ചു. നീർക്കുന്നം എസ്ഡിവി ഗവൺമെന്‍റ് യുപി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ് സ്കൂളിന് മുന്നിൽ ദേശീയ പാത ഉപരോധിച്ചത്. സ്കൂളിന് സമീപത്താണ് കൊറോണ ബാധ സ്ഥിരീകരിച്ച രോഗിയെ പാർപ്പിച്ച ഐസൊലേഷൻ വാർഡ് ആരംഭിച്ചിരിക്കുന്നത്. ഇവിടെ വാർഡ് ആരംഭിച്ച സമയത്തു തന്നെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, സൂപ്രണ്ട് എന്നിവരെ അറിയിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ഇന്നലെ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന് ശേഷം ഇതു സംബന്ധിച്ച് രക്ഷിതാക്കൾ സംശയങ്ങൾ ചോദിച്ചെങ്കിലും ആശങ്കയകറ്റുന്ന മറുപടി നൽകാൻ ഡോക്ടർമാർക്ക് കഴിയാതെ വന്നതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
സ്‌കൂളിന് സമീപം ഐസൊലേഷൻ വാർഡ്; പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർഥികളും - protest at school in alappuzha
എസ്‌ഡിവി ഗവൺമെന്‍റ് യുപി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ് വൈകിട്ട് സ്കൂളിനു മുന്നിൽ ദേശീയ പാത ഉപരോധിച്ചത്
![സ്കൂളിന് സമീപം ഐസൊലേഷൻ വാർഡ്; പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർഥികളും കൊറോണ വൈറസ് വാർത്ത ആലപ്പുഴയില്‍ പ്രതിഷേധം സ്കൂളിന് സമീപം ഐസോലേഷൻ വാർഡ് corona virus protest at school in alappuzha isolation ward near school](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5959740-8-5959740-1580839389070.jpg)
ഏറെ സമയം സ്കൂൾ വളപ്പിൽ ഡോക്ടർമാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് ശേഷമാണ് ദേശീയപാത ഉപരോധം ആരംഭിച്ചത്. ഇവർക്കൊപ്പം സ്കൂളിലെ കുട്ടികളും ഉപരോധത്തിൽ പങ്കെടുത്തതോടെ കിലോമീറ്ററുകളോളം ഗതാഗതവും തടസപ്പെട്ടു. തുടർന്ന് അമ്പലപ്പുഴ സിഐ ടി. മനോജ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം എച്ച്. സലാം ഉൾപ്പടെയുള്ളവർ എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പുതുതായി ക്രമീകരിക്കുന്ന ഐസൊലോഷൻ വാർഡ് ഉടൻ മാറ്റുമെന്ന ആർഡിഒയുടെ ഉറപ്പിലാണ് സന്ധ്യയോടെ സംഘർഷാവസ്ഥക്ക് അയവ് വന്നത്. അതേസമയം രക്ഷകർത്താക്കളുടെ ആശങ്ക കണക്കിലെടുത്ത് നാളെ സ്കൂളിന് അവധി നൽകിയതായും പിടിഎ ഭാരവാഹികൾ അറിയിച്ചു.