ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് സുപ്രീംകോടതി കണ്ടെത്തിയ വേമ്പനാട്ട് കായലിന് നടുവിലെ കാപ്പികോ റിസോർട്ട് പൊളിച്ച് നീക്കണമെന്ന കോടതി വിധി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അത് നടപ്പാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി പാണാവള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പ്രദീപ് കൂടക്കൽ. പൊളിച്ച് നീക്കാനുള്ള സാമ്പത്തിക, സാങ്കേതിക ശേഷി പഞ്ചായത്തിനില്ലെന്നും റിസോർട്ട് പൊളിച്ച് നീക്കിയാൽ അതിന്‍റെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാൻ കഴിയില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. 500 കോടിയിലേറെ മുതൽമുടക്കിൽ നിർമിച്ച റിസോർട്ട് സംബന്ധിച്ച ആശങ്കകൾ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. പൊളിച്ച് നീക്കണമെന്ന നിർദേശത്തിന്, 2013 ൽ തന്നെ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായം അറിയിച്ചിട്ടുള്ളതാണെന്നും പ്രദീപ് കൂടക്കൽ പറഞ്ഞു.
കാപ്പികോ റിസോർട്ട്; പൊളിച്ച് നീക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് - Kapico Resorts
തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് 2013ല്‍ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് വേമ്പനാട് തീരത്തിന് സമീപമുള്ള റിസോർട്ട് പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്‌റ്റിസ് രാമസുബ്രഹ്മണ്യമാണ് റിസോർട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്‌ത് കാപ്പികോ റിസോർട്ട് ഉടമകൾ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. നെടിയൻതുരുത്തിന് സമീപം സ്ഥിതി ചെയ്യുന്ന റിസോർട്ടിന്‍റെ നിർമാണം 2012ലാണ് പൂർത്തിയായത്. ഇതിനിടിയിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് തീരമേഖല മാനേജ്മെന്‍റ് കണ്ടെത്തിയത്. ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് രജിസ്‌റ്റർ ചെയ്‌തതോടെ 2013ല്‍ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.