ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്ന് തടസം കൂടാതെ തന്നെ നെല്ല് സംഭരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിലെ നെല്ലുസംഭരണം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് മാസത്തേക്ക് മില്ലുടമകളുമായി കരാർ ഉണ്ട്. മില്ലുടമകളുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനാൽ 52 സ്വകാര്യമില്ലുകളും നെല്ല് എടുക്കാൻ കരാറായിട്ടുണ്ട്. എന്നാൽ നെല്ലിന് കൂടുതൽ കിഴിവ് നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടനാട്ടിലെ നെല്ലുസംഭരണം തടസമില്ലാതെ പൂർത്തിയാക്കുമെന്ന് മന്ത്രി പി തിലോത്തമൻ - kuttanad paddy procurement
52 സ്വകാര്യ മില്ലുകൾ നെല്ലുകൾ എടുക്കാൻ കരാറായിട്ടുണ്ടെന്നും നെല്ലിന് കൂടുതൽ കിഴിവ് നൽകില്ലെന്നും മന്ത്രി പി തിലോത്തമൻ പറഞ്ഞു.
പാടശേഖരസമിതി ഭാരവാഹികൾക്ക് ഒപ്പം ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ നെല്ല് സംഭരിക്കും. മില്ലുടമകൾക്ക് നൽകാനുള്ള നഷ്‌ടപരിഹാര കുടിശിക കോടതി നിർദേശപ്രകാരമായിരിക്കും നൽകുക. മില്ലുടമകൾ മാറി നിന്നപ്പോഴാണ് സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കുന്ന കാര്യം സർക്കാർ ആലോചിച്ചതെന്നും ഉടൻ തന്നെ തന്നെ നെല്ലുസംഭരണം പൂർത്തിയാക്കുമെന്നും മന്ത്രി പി തിലോത്തമൻ പറഞ്ഞു.
ഇന്നലെ നെടുമുടി പഞ്ചായത്തിൽ പുളിക്കകാവ് പാടശേഖരത്തിലും മന്ത്രി സന്ദർശനം നടത്തിയിരുന്നു. ജില്ലാ കലക്‌ടർ എ അലക്‌സാണ്ടർ, പാഡി മാർക്കറ്റിങ് ഓഫീസർമാരായ രാജേഷ് കുമാർ, മായ ഗോപാലകൃഷ്ണൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രമ ദേവി, നെടുമുടി കൃഷി ഓഫീസർ പ്രദീപ് എന്നിവർ മന്ത്രിയോടൊപ്പം പാടശേഖരം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
TAGGED:
kuttanad paddy procurement