ആലപ്പുഴ: നഗരസഭയിലെ ബജറ്റ് അവതരണം ബഹളത്തില്‍ മുങ്ങി. ബജറ്റ് അവതരണത്തിനിടയില്‍ ബജറ്റ് ബുക്കിന്‍റെ പകർപ്പ് പ്രതിപക്ഷം കീറിയെറിഞ്ഞു. അഴിമതി ചെയർമാന്‍റെ ബജറ്റ് അറബിക്കടലില്‍ തുലയട്ടെ എന്നെഴുതിയ ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ ബഹളം. പ്രതിപക്ഷ ബഹളത്തിനിടയിലും വൈസ് ചെയർപേഴ്സൺ ബജറ്റ് അവതരിപ്പിച്ചു. ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്‍റെ അധ്യക്ഷതയിൽ, വൈസ് ചെയർപേഴ്‌സൺ ജ്യോതി മോളാണ് ബജറ്റ് അവതരിപ്പിച്ചത്.
സംസ്ഥാന സർക്കാരിന്‍റെ ഈ വർഷത്തെ വാർഷിക ബജറ്റിന്‍റെ 45 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നതാണ്. സർക്കാരിന്‍റെ പന്ത്രണ്ട് ഇന പരിപാടികൾ നടപ്പാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ തുക അനുവദിച്ചത്. ഈ പദ്ധതികൾ ഒന്നും ഉൾപ്പെടുത്താതെയാണ് നഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരാതെയാണ് വൈസ് ചെയർപേഴ്സൺ ബഡ്‌ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ യോഗം ചേരാതെ ചട്ടവിരുദ്ധമായി അവതരിപ്പിച്ചതിനാലാണ് ബജറ്റ് അവതരണത്തെ എതിർത്തതെന്ന് പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ പറഞ്ഞു.