ആലപ്പുഴ : സി.പി.ഐയിലെ വിഭാഗീയത വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫിലും പിടിമുറുക്കുന്നു. ആലപ്പുഴയിൽ നടക്കുന്ന എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പാർട്ടി നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്.
മാതൃസംഘടനയിലെ വിഭാഗങ്ങളായ കാനം - ഇസ്മായിൽ പക്ഷങ്ങൾ തമ്മിലാണ് അഭിപ്രായ ഭിന്നത. പാർട്ടിയിൽ ഇസ്മായിൽ പക്ഷത്തെ ഒതുക്കി കാനം വിഭാഗം സി.പി.ഐയിൽ സമ്പൂർണ ആധിപത്യം നേടിയ സാഹചര്യത്തിലും സംസ്ഥാന സെക്രട്ടറി എന്ന നിലയിലും കാനം രാജേന്ദ്രൻ നിർദ്ദേശിക്കുന്നയാളുകളെയാവും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കുക.
അങ്ങനെയെങ്കിൽ നിലവിലെ ഭാരവാഹികളിൽ ഒരാൾ മാറും. അങ്ങനെ വന്നാൽ സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു സ്ഥാനമൊഴിയും. മുൻ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്‍റുമായ ശുഭേഷ് സുധാകരൻ കാനം പക്ഷക്കാരൻ ആയിരുന്നു. അതിന് ശേഷം വന്ന അരുൺ ബാബുവും കാനം രാജേന്ദ്രനെ പിന്തുണയ്ക്കുന്നവരിൽ ഉൾപ്പെടും. തുടർച്ചയായി കാനം പക്ഷത്ത് നിലയുറപ്പിച്ച നേതാക്കളെ മാത്രം ഭാരവാഹി സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതിനാലാണ് ഇത്തവണ ഇസ്മായിൽ പക്ഷത്തെ വിദ്യാർഥി നേതാക്കളെ പരിഗണിക്കണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചത്.
ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ സി.പി.ഐ സംസ്ഥാന കൗൺസിൽ നേതാക്കൾ യോഗം ചേർന്നിരുന്നുവെങ്കിലും ഭാരവാഹികളെ സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തിയപ്പോൾ വീണ്ടും അഭിപ്രായ ഭിന്നത രൂപപ്പെടുകയായിരുന്നു. ഒടുവിൽ ഭാരവാഹികളിൽ ഒരാളെ മാറ്റി പകരം പുതിയ ഒരാളെ പരിഗണിക്കാമെന്ന സമവായത്തിൽ യോഗം എത്തുകയായിരുന്നു.
നിലവിലെ ധാരണ പ്രകാരം സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു സ്ഥാനം ഒഴിയും. നിലവിലെ സംസ്ഥാന പ്രസിഡന്‍റ് പി കബീർ സംസ്ഥാന സെക്രട്ടറിയാവും. നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരത്ത് നിന്നുള്ള രാഹുൽ രാജ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വരും. എന്നാൽ ഇസ്മായിൽ പക്ഷം ഭാരവാഹിത്വത്തിനായി പിടിമുറുക്കിയാൽ സമവായം എന്ന നിലയിൽ കൊല്ലത്ത് നിന്നുള്ള നേതാവ് യു കണ്ണന് സാധ്യത ഏറും. എന്നാൽ ഭാരവാഹി സ്ഥാനത്തേക്ക് വനിത പ്രാതിനിധ്യം വരാൻ സാധ്യതകൾ ഏറെയാണ്.
Also Read: വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കാൻ മന്ത്രിക്ക് എന്തവകാശം ? ; ആന്‍റണി രാജുവിനെതിരെ എഐഎസ്എഫ്
അങ്ങനെയെങ്കിൽ നിലവിൽ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായ അഡ്വ. നിമിഷ രാജുവിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൊണ്ടുവരും. എസ്.എഫ്.ഐക്കാരുടെ മർദ്ദനത്തിന് ഇരയായി വാർത്തകളിൽ ഇടം നേടിയ വനിത നേതാവാണ് നിമിഷ രാജു. എറണാകുളം ജില്ലയിൽ നിന്നുള്ള നിമിഷ സംസ്ഥാന തലത്തിൽ അറിയപ്പെടുന്നയാളാണ്.
മൂന്ന് ദിവസമായി നടത്തേണ്ട സമ്മേളനം രണ്ടു ദിവസമായി ചുരുക്കിയപ്പോൾ ഉണ്ടായ സമയ പ്രശ്നം സമ്മേളന നടപടികളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. രാത്രി ഏറെ വൈകിയാണ് സമ്മേളനം അവസാനിക്കുക എന്നത് കൊണ്ട് സമവായ ചർച്ചയ്ക്ക് ഇനിയും സാധ്യതകളുണ്ട്. എ.ഐ.എസ്.എഫിന്‍റെ ചുമതല സംസ്ഥാന നേതൃത്വം റവന്യൂ മന്ത്രി കെ രാജനാണ് നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ രാജന്റെ നിർദ്ദേശവും ഭാരവാഹികളുടെ കാര്യത്തിൽ നിർണ്ണായകമാണ്.
മന്ത്രി രണ്ടുദിവസമായി ആലപ്പുഴയിൽ ക്യാമ്പ് ചെയ്താണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. സമ്മേളന നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് കൊണ്ട് രാത്രി ഏറെ വൈകിയാവും സംസ്ഥാന ഭാരവാഹികളെയും പുതിയ സംസ്ഥാന കമ്മിറ്റിയെയും പ്രഖ്യാപിക്കുക.