ആലപ്പുഴ: പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുഭരണത്തിൽ അഞ്ചുകൊല്ലമാണ് കേരളത്തിന് നഷ്‌ടമായതെന്ന് ഉമ്മൻചാണ്ടി. അഞ്ചുകൊല്ലം കേരളത്തെ ഇടതുസർക്കാർ ഭരിച്ച് മുടിപ്പിക്കുകയായിരുന്നു. ഇനി ഒരു അഞ്ചു കൊല്ലം കൂടി അവർ വരുന്ന കാര്യം കേരളത്തിലെ ജനങ്ങൾക്ക് ചിന്തിക്കാൻ കൂടി വയ്യെന്നും അദ്ദേഹം പരിഹസിച്ചു. അഞ്ചുവർഷത്തെ പരാജയവും ജനങ്ങളെ വഞ്ചിക്കലുമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അവസാന കാലത്ത് തന്നെയും പ്രതിപക്ഷ നേതാവിനെയും കുറിച്ച് ഒരുപാട് വ്യാജ ആരോപണങ്ങൾ പറഞ്ഞുണ്ടാക്കിയതായും ഉമ്മൻചാണ്ടി ആരോപിച്ചു.
ഇടതുഭരണത്തിൽ അഞ്ചുകൊല്ലം കേരളത്തിന് നഷ്‌ടമായെന്ന് ഉമ്മൻചാണ്ടി - ഉമ്മൻചാണ്ടി ആലപ്പുഴയിൽ
ഒരു കള്ളവോട്ട് പോലും ചെയ്യാതിരിക്കാൻ യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഉമ്മൻചാണ്ടി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണ് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. ഏറ്റവും ഒടുവിൽ കള്ളവോട്ട് ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷൻ പോലും അംഗീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ പരാജയ ഭീതികൊണ്ട് എന്തും ചെയ്യാൻ മടിയില്ലെന്നും അതിന് വേണ്ടി അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നും ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. മണ്ഡലത്തിൽ ഒരു കള്ളവോട്ട് പോലും ചെയ്യാതിരിക്കാൻ യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഉമ്മൻചാണ്ടി കായംകുളത്ത് പറഞ്ഞു. കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന്‍റെ വിജയത്തിനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.