ആലപ്പുഴ : ഓണം, വിഷു, ക്രിസ്‌മസ്, നവരാത്രി, ബക്രീദ്, ഈദുല്‍ഫിത്തർ അടക്കം ഉത്സവാഘോഷങ്ങൾക്കായി കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളിയെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ബസുകളുടെ വാർത്തകൾ വർഷവർഷം കാണാറും വായിക്കാറുമുണ്ട്. ഇത്തവണയും അത്തരം വാർത്തകൾക്ക് ക്ഷാമമുണ്ടാകില്ല. ഇത്തവണ സ്വകാര്യ ബസുകളെ കൂടാതെ ആഭ്യന്തര വിമാനക്കമ്പനികളും യാത്രക്കൂലി വൻതോതില്‍ വർധിപ്പിച്ചിട്ടുണ്ട്.
മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികളാണ് ഏറ്റവുമധികം യാത്രക്ലേശം അനുഭവിക്കുന്നത്. റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിക്കുന്ന പതിവ് മുൻപുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്പെഷ്യല്‍ ട്രെയിനുകളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. ഇനി അഥവാ ട്രെയിൻ അനുവദിച്ചാല്‍ തന്നെ അത് വൈകി അറിയിക്കുന്നതിനാല്‍ മുൻകൂട്ടി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കാറുമില്ല. അതിനാല്‍ വലിയ തുക കൊടുത്ത് സ്വകാര്യ ബസുകളെയും ആഭ്യന്തര വിമാന സർവീസുകളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഓണം വന്നത് അറിയാതെ കെഎസ്‌ആർടിസി: മറ്റ് സംസ്ഥാനങ്ങളിലേക്ക് ഉത്സവകാലത്ത് കൂടുതല്‍ സർവീസുകൾ അനുവദിക്കുന്നതിനെ കുറിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ചിന്തിച്ചിട്ടു പോലുമില്ല. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് യാത്ര ക്ലേശം അധികമാകുന്നത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനും കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനും യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് കൂടുതല്‍ ബസുകൾ അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഓഗസ്റ്റ് 25ന് ബെംഗളൂരുവില്‍ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകളാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ ബസുകൾ ഉടൻ അനുവദിക്കുമെന്നാണ് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ പറയുന്നത്. 26, 27, 28, 29 തിയതികളില്‍ കേരളത്തിലെ വിവിധ ഡിപ്പോകളിലേക്കും 30ന് ശേഷം തിരിച്ച് ബെംഗളൂരുവിലേക്കും കർണാടക ബസുകൾ വരും. എസി, നോൺ എസി, സ്ലീപ്പർ, എസി സ്ലീപ്പർ വിഭാഗത്തിലുള്ള ബസുകളാണ് കേരളത്തിലേക്ക് സർവീസ് നടത്തുക. ചെന്നൈ, മധുര, നാഗർകോവില്‍, കോയമ്പത്തൂർ എന്നിവിടങ്ങളില്‍ നിന്ന് നിലവിലുള്ള സർവീസുകൾക്ക് പുറമെ കൂടുതല്‍ സർവീസുകൾ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനും സർവീസ് നടത്തുമെന്നാണ് അറിയുന്നത്.
റെയില്‍വേ കനിയണം: മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്ന് മലയാളികൾക്ക് കേരളത്തിലെത്താൻ റെയില്‍വേ കനിയേണ്ട സ്ഥിതിയാണ്. നിലവില്‍ സെപ്‌റ്റംബർ 10 വരെയും തിരിച്ചുമുള്ള ട്രെയിനുകളിലെ സീറ്റുകളും ബർത്തുകളുമെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇനി സ്പെഷ്യല്‍ ട്രെയിനുകൾ മാത്രമാണ് ആശ്രയം.