ആലപ്പുഴ:ജില്ലയില്‍69-ാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ (ഓഗസ്റ്റ് 12) ഉച്ചയ്‌ക്ക് 12 മണിക്കാണ് വള്ളം കളി മത്സരം ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും എംഎല്‍എമാരും ഉദ്‌ഘാടനന ചടങ്ങിനെത്തും. കൂടാതെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്‍റിങ് ഇന്‍ ചീഫ് എന്നിവരും പങ്കെടുക്കും.
2017 ന് ശേഷം ആദ്യമായാണ് നെഹ്‌റു ട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം തന്നെ ഓഗസ്റ്റ് 12ന് തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം സിബിഎല്ലിന്‍റെ ഭാഗമായാണെങ്കില്‍ ഇത്തവണ തനതായാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രചരണ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും പ്രചരണം സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനായി മുന്നോട്ട് വരുന്ന സാഹചര്യവും ഇത്തവണയുണ്ടായി. ബോണസും മെയിന്‍റനന്‍സ് ഗ്രാന്‍റും 10 ശതമാനം വര്‍ധിപ്പിച്ചു.
തുഴയെറിയലിന് കനത്ത സുരക്ഷ:കര്‍ശനമായ സുരക്ഷ ക്രമീകരണങ്ങളാണ് ഇത്തവണ മത്സരത്തിനായി പുന്നമടക്കായലില്‍ ഏര്‍പ്പെടുത്തിയത്. ചമ്പക്കുളം മൂലം വള്ളം കളിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ സംവിധാനം കൂടുതല്‍ ഒരുക്കിയത്. സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പ് വരുത്തിയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലും സ്‌പോണ്‍സര്‍ഷിപ്പിലും വലിയ മുന്നേറ്റം ദൃശ്യമാകുന്നുണ്ട്.
മത്സരത്തിനായി 72 വള്ളങ്ങള്‍:ഒന്‍പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫി വള്ളം കളിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ ഗ്രേഡ് 4, ഇരുട്ടുകുത്തി ബി ഗ്രേഡ് 15, ഇരുട്ടുകുത്തി സി ഗ്രേഡ് 13, വെപ്പ് എ ഗ്രേഡ് 7, വെപ്പ് ബി ഗ്രേഡ് 4, തെക്കനോടി തറ 3, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യമുണ്ടാകുക. ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ 4 ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ 3 വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്ക് വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.
സന്ദര്‍ശകര്‍ക്ക് സൗകര്യം സജ്ജം:പുന്നമടക്കായലില്‍ വള്ളം കളി കാണാനെത്തുന്നവര്‍ക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിന് പുറമെ വള്ളം കളി കാണുന്നതിനായി കെഎസ്ആര്‍ടിസി ബജറ്റ് സെല്ലിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്.