ആലപ്പുഴ:നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഒരാഴ്‌ച മാത്രം ബാക്കി നിൽക്കെ തുഴയെ ചൊല്ലി തർക്കം. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആലപ്പുഴ പുന്നമട കായലിൽ നെഹ്‌റു ട്രോഫി ജലമേള നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. മാസങ്ങളായി നടക്കുന്ന പരിശീലനം അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്.
പന കൊണ്ടുള്ള തുഴ നിർബന്ധമാക്കിയ ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്‌ടറുടെ ഉത്തരവിനെതിരെയാണ് ടീമുകൾ രംഗത്തെത്തിയിരിക്കുന്നത്. ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകൾ ഒഴിവാക്കണമെന്നും പന കൊണ്ട് നിർമിച്ച തുഴ മാത്രമേ അനുവദിക്കു എന്നുമാണ് പുതിയ നിർദേശം. എന്നാൽ, ഇത്രയും നാൾ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവർ പുതിയ തീരുമാനം അംഗീകരിക്കാൻ തയ്യാറല്ല.