കേരളം

kerala

ETV Bharat / state

നെഹ്‌റു ട്രോഫി വള്ളം കളി; ജലരാജാവായി വീയപുരം ചുണ്ടൻ - നടുഭാ​ഗം

ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നടുഭാ​ഗം മൂന്നാം സ്ഥാനവും സ്വന്തമാക്കിയപ്പോൾ മുന്‍ ചാമ്പ്യൻമാരായ കാട്ടിൽ തെക്കേതിൽ നാലാം സ്ഥാനത്തെത്തി.

Nehru Trophy Boat Race 2023  നെഹ്‌റു ട്രോഫി വള്ളം കളി  നെഹ്‌റു ട്രോഫി  ജലരാജാവായി വീയപുരം ചുണ്ടൻ  veeyapuram chundan winners  Nehru Trophy Boat Race veeyapuram chundan winners  Nehru Trophy Boat Race 2023 winners  ചമ്പക്കുളം ചുണ്ടൻ  നടുഭാ​ഗം  വീയപുരം ചുണ്ടൻ
Etv BharatNehru Trophy Boat Race

By

Published : Aug 12, 2023, 6:10 PM IST

Updated : Aug 12, 2023, 8:41 PM IST

ജലരാജാവായി വീയപുരം ചുണ്ടൻ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വിജയകിരീടം ചൂടി വീയപുരം ചുണ്ടൻ. തുടക്കം മുതൽ വ്യക്തമായ മുന്നേറ്റവുമായി കുതിച്ച വീയപുരം ചുണ്ടന്‍ സ്വന്തമാക്കിയത് ആധികാരികമായ ജയം. വീയപുരം ചുണ്ടനായി പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് തുഴഞ്ഞത്.

ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം നേടിയത്. നടുഭാ​ഗം മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ നിലവിലെ ചാമ്പ്യൻമാരായ കാട്ടിൽ തെക്കേതിൽ നാലാം സ്ഥാനത്തെത്തി. ഒന്നാം ലൂസേഴ്‌സ് ഫൈനലിൽ വിജയം സ്വന്തമാക്കിയത് നിരണം ചുണ്ടനാണ്. രണ്ടാം ലൂസേഴ്‌സ് ഫൈനലിൽ ആനാരി ചുണ്ടനും മൂന്നാം ലൂസേഴ്‌സ് ഫൈനലിൽ ജവഹർ തായങ്കരിയും വിജയം കൊയ്‌തു.

വീയപുരം, നടുഭാഗം, കാട്ടില്‍ തെക്കേതില്‍, ചമ്പക്കുളം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അഞ്ച് ഹീറ്റ്‌സുകളിലായി നടത്തിയ പോരാട്ടത്തിലാണ് നാല് ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലേക്ക് കടന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 69-ാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ ഉദ്ഘാടനം ചെയ്‌തത്.

ആഘോഷത്തിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് ആഹ്ലാദത്തിന്‍റെയും ഐക്യത്തിന്‍റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുകയാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന ഓണാഘോഷത്തിന്‍റെ തുടക്കമാണ് നാടിന്‍റെ ഒളിമ്പിക്‌സായ ജലമാമാങ്കമെന്നും നാടാകെ ഒത്തൊരുമയുടെ ഉത്സവ തിമിർപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ചടങ്ങിൽ അധ്യക്ഷനായി.

നെഹ്‌റു ട്രോഫിയുടെ പെരുമ ലോകത്തിന്‍റെ മുക്കിലും മൂലയിലും എത്തിയതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. മഴ ജലോത്സവത്തിന്‍റെ ആവേശം ഇരട്ടിപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായിയാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. കഴിഞ്ഞ വർഷം നെഹ്റു ട്രോഫി നേടിയ വള്ളത്തിന്‍റെ ക്യാപ്റ്റനായ സന്തോഷ് ചാക്കോ തുഴച്ചിൽക്കാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആർ.കെ. കുറുപ്പാണ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തിയത്.

അതേസമയം ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരമാണ്. 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്‌തത്. പിന്നാലെ ആയിരുന്നു ഫൈനലിലെ അവരുടെ മുന്നേറ്റം. വിനോദ് പവിത്രനാണ് ടീമിന്‍റെ പരിശീലകന്‍. അലന്‍ മൂന്നുതെക്കല്‍ ക്യാപ്റ്റനും മനോജ് പത്തുതെങ്ങുങ്കല്‍ ലീഡിങ് ക്യാപ്റ്റനുമാണ്. വി ജയപ്രസാദ് (പ്രസിഡന്‍റ്), എ സുനീര്‍ (സെക്രട്ടറി) എന്നിവരാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ അമരക്കാർ.

അതേസമയം ആദ്യ ഹീറ്റ്‌സില്‍ വീയപുരം, വെള്ളംകുളങ്ങര, ചെറുതന, ശ്രീമഹാദേവന്‍ ചുണ്ടനുകളാണ് അണിനിരന്നത്. വീയപുരമാണ് ഒന്നാം സ്ഥാനത്തേക്ക് ആദ്യം തുഴഞ്ഞെത്തിയത്. രണ്ടാം ഹീറ്റ്‌സില്‍ ദേവസ്, നടുഭാഗം, സെന്‍റ് ജോര്‍ജ്, ചമ്പക്കുളം ചുണ്ടനുകൾ മാറ്റുരച്ചപ്പോൾ യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ഒന്നാമതെത്തി.

മൂന്നാം ഹീറ്റ്‌സില്‍ മത്സരിച്ചത് കരുവാറ്റ, ശ്രീവിനായകന്‍, പായിപ്പാടന്‍, മഹാദേവികാട് കാട്ടില്‍തെക്കേതില്‍, ആയപറമ്പ് പാണ്ടി ചുണ്ടനുകളാണ്. കാട്ടില്‍ തെക്കേതിലാണ് മൂന്നാം ഹീറ്റ്‌സ് സ്വന്തമാക്കിയത്. പൊലീസ് ബോട്ട് ക്ലബാണ് കാട്ടില്‍ തെക്കേതിലിനായി അണിനിരന്നത്. നാലാം ഹീറ്റ്‌സില്‍ സെന്‍റ് പയസ് ടെന്‍ത്, ആനാരി, തലവടി, ജവഹര്‍ തായങ്കരി ചുണ്ടനുകളാണ് ഏറ്റുമുട്ടിയത്. ഇതിൽ തലവടി ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടനാണ് ഒന്നാം സ്ഥാനത്തെത്തിയത്. മൂന്നാം ട്രാക്കില്‍ ആയിരുന്നു തലവടി ചുണ്ടൻ മത്സരിച്ചത്.

കാരിച്ചാല്‍, ആലപ്പാടന്‍ പുത്തന്‍, നിരണം എന്നി മൂന്ന് ചുണ്ടനുകളാണ് അഞ്ചാം ഹീറ്റ്‌സില്‍ മത്സരിച്ചത്. ഇതില്‍ നിരണം ചുണ്ടൻ ഒന്നാമതായി മത്സരം പൂർത്തിയാക്കി. ഫോട്ടോ ഫിനിഷിലാണ് അവസാന ഹീറ്റ്‌സില്‍ വിജയിയെ കണ്ടെത്തിയത്. 15 തവണ ചാമ്പ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടനെ പിന്നിലാക്കി ആയിരുന്നു നിരണം ചുണ്ടന്‍റെ രാജകീയ ജയം.

അതേസമയം നെഹ്റു പ്രതിമയിലെ പുഷ്‌പാർച്ചനയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എം. പി മാരായ എ. എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എം. എൽ. എ മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, ദലീമ ജോജോ, എം. എസ് അരുൺ കുമാർ, എയർ മാർഷൽ ബി. മണികണ്‌ഠൻ, ജില്ല സെക്ഷൻ ജഡ്‌ജ് എസ്. ജോബിൻ സെബാസ്റ്റ്യൻ, നഗരസഭ അധ്യക്ഷ കെ. കെ. ജയമ്മ, ജില്ല കളക്‌ടർ ഹരിത വി. കുമാർ, പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സബ് കളക്‌ടർ സൂരജ് ഷാജി, ടൂറിസം സെക്രട്ടറി കെ. ബിജു, മുൻ എം.എൽ.എ. സി.കെ. സദാശിവൻ, ആർ.കെ. കുറുപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എൻ.ടി.ബി.ആർ. സുവനീറിന്‍റെ പ്രകാശനം ടൂറിസം സെക്രട്ടറി കെ. ബിജുവിന് നൽകി എ.എം. ആരിഫ് എം.പി. നിർവഹിച്ചു. എൻ.ടി.ബി.ആർ. മെർക്കണ്ടൈസിന്‍റെ പ്രകാശനം ജില്ല ജഡ്‌ജ് ജോബിൻ സെബാസ്റ്റ്യന് നൽകി കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അതിഥികൾക്കുള്ള മെമന്‍റോകൾ കൈമാറി.

Last Updated : Aug 12, 2023, 8:41 PM IST

ABOUT THE AUTHOR

...view details