ആലപ്പുഴ: 2011ലെ നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ഒന്നാം സ്ഥാനത്തെത്തിയ ദേവാസ് ചുണ്ടന്‍റെ വിജയം ജൂറി ഓഫ് അപ്പീല്‍ വീണ്ടും അസ്ഥിരപ്പെടുത്തി. ദേവാസ് ചുണ്ടന്‍ പ്രതിനിധികളുടെ ഹര്‍ജിയില്‍ ജൂറി ഓഫ് അപ്പീലിന്‍റെ 2011ലെ തീരുമാനം റദ്ദാക്കി കഴിഞ്ഞ ഡിസംബര്‍ 15ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ദേവസ് ചുണ്ടൻ വള്ളത്തിന്‍റെ ഉടമയും സ്പോൺസറുമായ ടി.എസ് കലാധരൻ, കൊല്ലം ജീസസ് ബോട്ട് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ടീം അംഗവുമായ ഏബ്രഹാം കോശി എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തിയ ജൂറി ഓഫ് അപ്പീലിന്‍റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്ന ഹർജിക്കാരുടെ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് ജൂറി ഓഫ് അപ്പീലിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്.
ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാവരുടെയും ഹിയറിങ് നടത്തിയ ശേഷമാണ് ജില്ല കലക്‌ടർ എ. അലക്‌സാണ്ടര്‍ അധ്യക്ഷനായുള്ള ജൂറി ദേവാസ് ചുണ്ടന് അയോഗ്യത കല്‍പ്പിച്ചത്. രണ്ടാം സ്ഥാനം ലഭിച്ച കാരിച്ചാല്‍ ചുണ്ടന് ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനത്തെത്തിയ മുട്ടേല്‍ കൈനകരി ചുണ്ടന് രണ്ടാം സ്ഥാനവും നാലാമതായി ഫിനിഷ് ചെയ്‌ത പായിപ്പാടന്‍ ചുണ്ടന് മൂന്നാം സ്ഥാനവും നല്‍കാന്‍ ജൂറി ഓഫ് അപ്പീല്‍ തീരുമാനിച്ചു.