ആലപ്പുഴ :മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലപ്പെട്ട നക്ഷത്രയുടെ പിതാവ് ശ്രീമഹേഷാണ് മാവേലിക്കര സബ് ജയിലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. മകളെ ശ്രീമഹേഷ് വെട്ടിക്കൊന്ന സംഭവം ആസൂത്രിതമാണെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നു എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച മഴു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകം നടത്താനായി മഹേഷ് പ്രത്യേകം മഴു തയ്യാറാക്കിയതാണെന്നും പൊലീസ് പറയുന്നു. മഹേഷിന്‍റെ അമ്മ സുനന്ദയെയും (62) വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കൈയ്ക്കും തലയ്ക്കും വെട്ടേറ്റ സുനന്ദ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
വനിത കോണ്‍സ്റ്റബിളുമായുള്ള വിവാഹം മുടങ്ങിയതിന്‍റെ നിരാശയിലായിരുന്നു ശ്രീമഹേഷ്. ദിവസങ്ങളായി ഇയാള്‍ പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതക കേസിൽ പിടിയിലായ പ്രതി ചോദ്യം ചെയ്യലിന് പൊലീസിനോടും സഹകരിച്ചില്ല.
കഴിഞ്ഞ ബുധനാഴ്‌ച (ജൂണ്‍ 7) വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് തൊട്ടടുത്ത സഹോദരിയുടെ വീട്ടില്‍ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോള്‍ കണ്ടത് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന കൊച്ചുമകൾ നക്ഷത്രയെയാണ്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടര്‍ന്നെത്തിയ ശ്രീമഹേഷ് ആക്രമിച്ചു. ഓടിക്കൂടിയ സമീപവാസികളെയും മഴുകാട്ടി ഇയാള്‍ ഭീഷണിപ്പെടുത്തി.
നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്‌തിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശ്രീമഹേഷ്, പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതോടെയാണ് നാട്ടിലെത്തി സ്ഥിരതാമസമാക്കിയത്. ഇപ്പോൾ വിദ്യയുടെ മരണത്തിലും നാട്ടുകാർ സംശയം പ്രകടിപ്പിക്കുകയാണ്. നക്ഷത്രയുടെ സംസ്‌കാരം ഇന്ന് പത്തിയൂരുള്ള അമ്മ വീട്ടിൽ നടക്കും.
കുട്ടിയുടെ വാശിയാണ് പ്രകോപനമായതെന്ന് പൊലീസ് : അമ്മയുടെ മാതാപിതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് നക്ഷത്ര എപ്പോഴും വാശി പിടിക്കാറുണ്ടായിരുന്നു. ഇത്തവണയും തന്‍റെ അമ്മയുടെ മാതാപിതാക്കളെ കാണണമെന്നാവശ്യപ്പെട്ട് നക്ഷത്ര വാശി പിടിച്ചതോടെയാണ് പിതാവ് ശ്രീമഹേഷ് പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. കഴുത്തില്‍ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കുട്ടിയുടെ കഴുത്തിന്‍റെ വലത്തുഭാഗത്താണ് വെട്ടേറ്റത്. മുള്ളിക്കുളങ്ങര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു നക്ഷത്ര.
മഹേഷിന്‍റെ ഭാര്യ വിദ്യ ആത്മഹത്യ ചെയ്‌തതോടെ ശ്രീമഹേഷ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹ അന്വേഷണങ്ങൾക്കൊടുവില്‍ പൊലീസ് ഉദ്യോഗസ്ഥയായ യുവതിയുമായി വിവാഹം നിശ്ചയിക്കുകയായിരുന്നു. എന്നാല്‍, നിശ്ചയം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും മഹേഷിന്‍റെ സ്വഭാവത്തിലുണ്ടായ വ്യത്യാസങ്ങളെ തുടർന്ന് യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി.
മഹേഷ് ലഹരിക്ക് അടിമയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഹേഷിനെതിരെ നേരത്തെയും പൊലീസ് കേസുകൾ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മഹേഷിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മാവേലിക്കര പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Also read :പിതാവിന്‍റെ വെട്ടേറ്റ് 6 വയസുകാരി കൊല്ലപ്പെട്ട സംഭവം; പ്രകോപനമായത് കുട്ടിയുടെ വാശിയെന്ന് പൊലീസ്