ആലപ്പുഴ: കൊലപാതക കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ 27 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ചെട്ടികുളങ്ങര പേള മാടശ്ശേരിചിറയിൽ വീട്ടിൽ നിന്നും കോഴിക്കോട് ചെറുവണ്ണൂർ കൊല്ലേരിതാഴം ഭാഗത്ത് വീരാറ്റി തറയിൽ (ശ്രീശൈലം) എന്ന വിലാസത്തിൽ താമസിച്ചു വന്ന ചിങ്കു എന്ന ശ്രീകുമാർ (51) ആണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്. മിലിട്ടറി ഉദ്യോഗസ്ഥനായ ചെട്ടികുളങ്ങര കണ്ണമംഗലം പേളചേന്നത്തു വീട്ടിൽ ജയപ്രകാശ് കൊലപാതക കേസിൽ പ്രതിയായ ശ്രീകുമാര്‍ ഇത്രയുംകാലം ഒളിവിലായിരുന്നു.
കേസ് ഇങ്ങനെ: 1995 ജനുവരി 12 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടിൽ വച്ച് പ്രമോദ്, ശ്രീകുമാർ, ജയചന്ദ്രൻ എന്നിവർ മുൻപുണ്ടായ തർക്കവിഷയത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് സംഘട്ടനം ഉണ്ടാവുന്നത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ജയപ്രകാശിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെ ജയപ്രകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജയപ്രകാശ് മരിച്ച വിവരമറിഞ്ഞതോടെ ശ്രീകുമാർ ഒളിവിൽ പോവുകയായിരുന്നു.
എന്നാല്‍ മാവേലിക്കര പൊലീസ് കൊലപാതകകുറ്റം ചുമത്തി രജിസ്‌റ്റർ ചെയ്‌ത കേസിൽ മറ്റു പ്രതികളായ പ്രദീപും, ജയചന്ദ്രനും കോടതിയിൽ ഹാജരായി വിചാരണ നടപടികളുമായി മുന്നോട്ടുപോയി. എന്നാൽ ശ്രീകുമാർ ഒളിവിൽ പോയതിനാൽ മാവേലിക്കര അഡിഷണൽ ഡിസ്ട്രിക്‌റ്റ് ആൻഡ് സെഷൻസ് I കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് മറ്റു രണ്ടുപേരുടെ വിചാരണ നടത്തിയിരുന്നു. ഇതോടെ കോടതിയിൽ നിന്നും പിടികിട്ടാപുള്ളിയായി വാറണ്ട് ഉത്തരവായിട്ടും പിടിക്കപ്പെടാതെ 27 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന ശ്രീകുമാറിനെ പിടികൂടുന്നതിനായി ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.