ആലപ്പുഴ: മോദി-അമിത് ഷാ കൂട്ടുകെട്ട് രാജ്യത്ത് വിഭാഗീയത സൃഷ്‌ടിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ മൃഗീയമായി ആക്രമിക്കുന്ന നടപടി ശക്തമായി എതിർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞു. അമിത് ഷായുടെ പ്രവൃത്തികൾ ഹീനമായ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും ഇതിനെ ശക്തമായി എതിർത്ത് തോൽപ്പിക്കുമെന്നും വേണുഗോപാൽ ആലപ്പുഴയില്‍ പറഞ്ഞു. അഹമ്മദാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച എൻഎസ്‌യുഐ പ്രവർത്തകരെ ആക്രമിച്ചത് യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്‍റ് നേരിട്ടെത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി-അമിത് ഷാ കൂട്ടുകെട്ട് രാജ്യത്ത് വിഭാഗീയത സൃഷ്‌ടിക്കുന്നുവെന്ന് കെ.സി വേണുഗോപാൽ - മോദി-അമിത് ഷാ
സങ്കുചിത രാഷ്‌ട്രീയത്തിന് വേണ്ടി ഇന്ത്യയെ അമിത്ഷാ തീവ്ര രാഷ്‌ട്രമാക്കുന്നുവെന്നും കോൺഗ്രസ് ഇതിനെ ശക്‌തമായി എതിർക്കുമെന്നും കെ.സി വേണുഗോപാൽ.
കേന്ദ്രസർക്കാർ രാജ്യത്ത് ഭീകരവാദിത്വം സൃഷ്‌ടിക്കുന്നു. അൽഖ്വയ്‌ദയും സംഘപരിവാറും തമ്മിൽ വ്യത്യാസമില്ലാത്ത സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അതിന്‍റെ ഉദാഹരണമാണ് ജെഎൻയുവിലും ജാമിയ മിലിയയിലും നടന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സങ്കുചിത രാഷ്‌ട്രീയത്തിന് വേണ്ടി ഇന്ത്യയെ അമിത്ഷാ തീവ്ര രാഷ്‌ട്രമാക്കുന്നു. ഇതിനെ എന്ത് വിലകൊടുത്തും കോൺഗ്രസ് എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമം അംഗീകരിക്കില്ല.
കോൺഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ നേരിട്ടാണ് സമരം നയിക്കുന്നത്. കോൺഗ്രസ് ഭരണം പങ്കുവെക്കുന്ന സംസ്ഥാനങ്ങളിലും സമാന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വസ്‌തുതകൾ ഇതായിരിക്കെ ഇവ തിരസ്‌കരിക്കുന്ന നിലപാടാണ് കേരള മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ പലഭാഗങ്ങളിലായി വിവിധ സംഘടനകൾ പ്രക്ഷോഭം നടത്തുന്നുണ്ട്. ഇവയ്‌ക്കെല്ലാം കോൺഗ്രസ് പിന്തുണ നൽകുന്നുണ്ട്. കോൺഗ്രസും യൂത്ത് കോൺഗ്രസും എൻഎസ്‌യുഐയും ഈ സമരങ്ങളുടെ മുൻനിരയിൽ തന്നെയുണ്ടെന്നും കെ. സി വേണുഗോപാൽ പറഞ്ഞു.