ആലപ്പുഴ:നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ നടക്കുന്നതെന്ന് പരിശോധിക്കാനുള്ള മോക്ക്പോൾ ജില്ലയിൽ പൂർത്തിയായി. പുലർച്ചെ 05:30ഓടെയാണ് മോക്ക് പോൾ നടപടികൾ ആരംഭിച്ചത്. ജില്ലയിൽ ആകെ 2643 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ഇവയോടൊപ്പം 938 അഡീഷണൽ ഓക്‌സിലറി ബൂത്തുകളും കൊവിഡ് പശ്ചാത്തലത്തിൽ തയ്യാറാക്കിയിട്ടുണ്ട്. സ്ഥല പരിമിതിയുള്ള മുപ്പതിടത്ത് താൽക്കാലിക കെട്ടിടങ്ങൾ നിർമിച്ചാണ് ഓക്‌സിലറി പോളിങ് ബൂത്തുകളാക്കിയത്. ഇവയിൽ മിക്കയിടത്തും മോക്ക് പോൾ കൃത്യമായി നടന്നു.
ആലപ്പുഴയിൽ മോക്ക്പോൾ പൂർത്തിയായി - നിയമസഭ തെരഞ്ഞെടുപ്പ്
ജില്ലയിൽ ആകെ 2643 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 938 അഡീഷണൽ ഓക്‌സിലറി ബൂത്തുകളും ഇവയോടൊപ്പം ഒരുക്കിയിട്ടുണ്ട്.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 90 മിനുട്ട് മുമ്പ് മോക്ക് പോള്‍ പ്രക്രിയ ആരംഭിക്കണമെന്ന വ്യവസ്ഥയുള്ളത് കൊണ്ടാണ് 05:30ന് തന്നെ നടപടികൾ ആരംഭിച്ചത്. രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളായി സ്ഥാനാർഥികളുടെ എജന്‍റുമാരെ മുന്‍കൂട്ടി അറിയിച്ചിട്ടാണ് മോക്ക്പോൾ പ്രക്രിയ ആരംഭിച്ചത്. രണ്ട് സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാര്‍ ഉണ്ടെങ്കില്‍ മോക്ക് പോള്‍ ആരംഭിക്കാം എന്ന തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ചാണ് പലയിടത്തും മോക്ക്പോൾ നടത്തിയത്. എന്നാൽ ചിലയിടത്ത് 15 മിനുട്ട് കഴിഞ്ഞും സ്ഥാനാർഥികളുടെ ഏജന്‍റുമാർ എത്താതിരുന്നിട്ടും മോക്ക്പോള്‍ നടത്തി. ജില്ലയിൽ ഇതുവരെ മോക്ക്പോളിൽ യന്ത്ര തകരാർ റിപ്പോർട്ട് ചെയ്‌തതായി അറിവില്ല.