ആലപ്പുഴ :സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ, മന്ത്രി സജി ചെറിയാന്‍റെ നാടായ ചെങ്ങന്നൂരിലെ കൊഴുവല്ലൂരിൽ വീടുകൾ കയറി മന്ത്രിയുടെ പ്രചരണം. കൊഴുവല്ലൂരിലെ വിവിധ വീടുകളിൽ പാർട്ടി പ്രവർത്തകർക്കൊപ്പം എത്തിയാണ് മന്ത്രി പ്രചരണത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം കൊഴുവല്ലൂരില്‍ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കല്ലുകൾ പിഴുതെറിഞ്ഞ പ്രദേശങ്ങളിലാണ് സന്ദർശനം.
പ്രതിഷേധക്കാർ പിഴുത കല്ലുകൾ മന്ത്രിയുടെ നേതൃത്വത്തിൽ പുനസ്ഥാപിച്ചു. പണിമുടക്ക് ദിനമായതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി ഇരുചക്ര വാഹനത്തിലെത്തിയാണ് മന്ത്രി ആളുകളുമായി സംസാരിച്ചത്. ജനങ്ങളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സർക്കാർ പരിഗണിക്കുമെന്നും അവരുടെ ആശങ്കകൾ പരിഹരിക്കാന്‍ ആവശ്യമായ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി വിശദീകരിച്ചു.
കൂടുതല്‍ പ്രതിഷേധം ഉണ്ടായ ഭൂതംകുന്ന് കോളനിയിലടക്കം ആളുകള്‍ പദ്ധതിയെ നിലവില്‍ അനുകൂലിക്കുന്നുണ്ട്. നഷ്‌ടപരിഹാരം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും മന്ത്രിയെ കാണാന്‍ സാധിച്ചില്ലെന്നും പ്രദേശത്തെ ചില വീട്ടമ്മമാര്‍ പറഞ്ഞു.