ആലപ്പുഴ: സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. സംസ്ഥാനത്ത് കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തെ അതിജീവിച്ച് മാതൃക കാട്ടിയ ആലപ്പുഴ ജില്ല ഈ മഴക്കെടുതിയെയും കരുതലോടെയാണ് കാണുന്നതെന്നും ഇതിനെയും അതിജീവിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഭീതിജനകമായ സാഹചര്യങ്ങളൊന്നും തന്നെയില്ല. എങ്കിലും കഴിഞ്ഞ വർഷത്തെ പ്രളയം കണക്കിലെടുത്ത് കനത്ത ജാഗ്രതാ നടപടികളാണ് ജില്ലയിൽ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥരുടെ നടപടികൾ വിലയിരുത്താൻ കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴ ജില്ലയിൽ സ്ഥിതി നിയന്ത്രണ വിധേയം: മന്ത്രി ജി സുധാകരൻ - ആലപ്പുഴ
മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥരുടെ നടപടികൾ വിലയിരുത്താൻ കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി
![ആലപ്പുഴ ജില്ലയിൽ സ്ഥിതി നിയന്ത്രണ വിധേയം: മന്ത്രി ജി സുധാകരൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4092633-874-4092633-1565374595001.jpg)
കിഴക്കൻ ജില്ലകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം സുഗമമായി കടലിലേക്ക് ഒഴുകിമാറാനുള്ള മാർഗങ്ങളെല്ലാം തന്നെ ഒരുക്കിയിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകൾ, തോട്ടപ്പള്ളി സ്പിൽവേയിലെ 38 ഷട്ടറുകൾ, അന്ധകാരനഴിയിലെ 20 ഷട്ടറുകൾ എന്നിവ തുറന്നിട്ടുണ്ട്. തോട്ടപ്പള്ളിയിലെ ശേഷിക്കുന്ന രണ്ടുഷട്ടറുകളും ഉടൻ തുറക്കും. കുട്ടനാടൻ പ്രദേശങ്ങളിലെ ജലം തടസമില്ലാതെ കടലിലേക്ക് ഒഴുകി പോകുന്നതിനായി 150 മീറ്റർ വീതിയിലാണ് തോട്ടപ്പള്ളി പൊഴി മുറിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ വീതിയിൽ പൊഴി മുറിക്കുമെന്നും മന്ത്രി പറഞ്ഞു.