ആലപ്പുഴ: ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച് പരസ്യ പ്രകടനവും പ്രതിഷേധവും ഉയർത്തിയവർ പാർട്ടിക്കാർ ആണെന്ന് കരുതുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. നഗരസഭാ അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച തീരുമാനം പാർട്ടി ഐകകണ്ഠേനയെടുത്തതാണ്. അതിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ പ്രതിഷേധമുയർത്തിയവർ പാർട്ടിക്കാരല്ലെന്ന് മന്ത്രി ജി സുധാകരൻ - നഗരസഭാ അധ്യക്ഷ
നഗരസഭാ അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച തീരുമാനം പാർട്ടി ഐകകണ്ഠേനയെടുത്തതാണ്. അതിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിക്കുമെന്ന് കരുതുന്നില്ലെന്നും ജി സുധാകരന്‍
പരസ്യമായി പ്രകടനം നടത്തിയവർ ആരാണെന്ന് അറിയില്ല. അത്തരത്തിൽ പാർട്ടിക്കെതിരായ പ്രകടനം നടത്തിയവർക്ക് വ്യക്തമായ താൽപര്യങ്ങളും ഉദ്ദേശലക്ഷ്യങ്ങളും ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. അത് പാർട്ടിക്കെതിരായി ഉപയോഗിക്കുകയാവും അത്തരക്കാരുടെ ലക്ഷ്യം. പാർട്ടി അച്ചടക്കം ലംഘിക്കാൻ യഥാർഥ പാർട്ടി പ്രവർത്തകർ ആരും തയ്യാറാവില്ല. പ്രകടനം നടത്തിയവരിൽ പാർട്ടി അംഗങ്ങളോ നേതാക്കളോ ഉണ്ടെങ്കിൽ പാർട്ടി പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ജി സുധാകരൻ വ്യക്തമാക്കി.
ആലപ്പുഴയിൽ മികച്ച വിജയമാണ് ഇടതുമുന്നണി നേടിയത്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള നടപടികൾ പാർട്ടിയെ ബാധിക്കില്ല. ആലപ്പുഴയിൽ പാർട്ടി ഒറ്റക്കെട്ടാണ്, പാർട്ടി എടുത്ത തീരുമാനവും അങ്ങനെ തന്നെയാണ്. അതിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ അതിന് വേറെ എന്തെങ്കിലും ലക്ഷ്യമുണ്ടാവും. ആലപ്പുഴയിൽ അഴിമതിരഹിത ഭരണസമിതി വരുന്നതിൽ ഭയംപൂണ്ട ആരോ ചെയ്യുന്നതാണ് ഇവയെല്ലാമെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ ആരും മുദ്യാവാക്യം വിളിക്കുമെന്ന് തോന്നുന്നില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ജി സുധാകരൻ പറഞ്ഞു.