ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ8 എന്ന വൈറസ് പടർന്നത് ദേശാടന പക്ഷികളിലൂടെയെന്ന് മന്ത്രി കെ രാജു. ഡിസംബർ, ജനുവരി മാസങ്ങളിൽ സാധാരണയായി ദേശാടന പക്ഷികൾ സംസ്ഥാനത്ത് എത്താറുണ്ട്. അത്തരത്തിൽ എത്തിയ ദേശാടന പക്ഷികളുടെ വിസർജ്യവും മറ്റും ജലാശയങ്ങളിൽ കലർന്നാവാം പക്ഷിപ്പനി കേരളത്തിൽ ഇപ്പോൾ എത്തിയിരിക്കുന്നത് എന്നാണ് നിഗമനമെന്നും വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു.
സംസ്ഥാനത്ത് പക്ഷിപ്പനി പടർന്നത് ദേശാടനപക്ഷികളിലൂടെയെന്ന് മന്ത്രി കെ രാജു - ആലപ്പുഴ
നിലവില്‍ പക്ഷികളില്‍ സ്ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ല. വൈറസിന് രൂപമാറ്റ സാധ്യത ഉള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പത്ത് ദിവസം സമീപ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു
![സംസ്ഥാനത്ത് പക്ഷിപ്പനി പടർന്നത് ദേശാടനപക്ഷികളിലൂടെയെന്ന് മന്ത്രി കെ രാജു migratory birds are likely to be the reason for spread of bird flu bird flu bird flu latest news K RAJU പക്ഷിപ്പനി പക്ഷിപ്പനി പകർന്നത് ദേശാടനപക്ഷികളിലൂടെയാകാം കെ രാജു ആലപ്പുഴ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10143259-thumbnail-3x2-birdflu.jpg)
കുട്ടനാട് ദേശാടന പക്ഷികളുടെ സഞ്ചാരപഥത്തിൽ ഉൾപ്പെടുന്ന ഒരു സ്ഥലമാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇങ്ങനെയാവാം ഒരു പക്ഷെ ഇപ്പോൾ പക്ഷിപ്പനി കേരളത്തിൽ എത്തിയത് എന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയും കോട്ടയം ജില്ലയിലെ നീണ്ടൂരുമാണ് പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രങ്ങള്‍ എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എന്ന രോഗമാണ് ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ പക്ഷികളില്‍ സ്ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ല. വൈറസിന് രൂപമാറ്റ സാധ്യത ഉള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പത്ത് ദിവസം സമീപ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തും. കൂടുതല്‍ സ്ഥലത്തേക്ക് പക്ഷിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ദേശാടനപക്ഷികള്‍ ചത്തു വീഴുന്നുണ്ടോയെന്ന് നിരീക്ഷണം നടത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ചുതലപ്പെടുത്തി. ഇങ്ങനെ കണ്ടെത്തിയാല്‍ സാമ്പിളുകള്‍ എടുക്കും. സമാനമായി മറ്റെവിടെയെങ്കിലും പക്ഷികള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കാന്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയെന്നും കെ രാജു കൂട്ടിച്ചേര്‍ത്തു. കള്ളിംഗും സാനിറ്റൈസേഷനും പൂര്‍ത്തിയാക്കി മൃഗ സംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരാഴ്‌ച കൂടി നിരീക്ഷണം തുടരുമെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.