ആലപ്പുഴ: വായനദിനത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം സർജറി വാർഡില്‍ വായനശാല ഒരുങ്ങി. 'നന്മ' എഴുത്തുകൂട്ടമാണ് ഈ ഉദ്യമത്തിന് മുൻകൈയെടുത്തത്. വേദന അനുഭവിക്കുന്ന കുരുന്നുകൾക്ക് വായനയിലൂടെ ആശ്വാസവും ആത്മവിശ്വാസവും പകരുകയാണ് ആലപ്പുഴയിലെ ഈ കൂട്ടായ്മ. ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾക്കൊപ്പം കൂട്ടികൾക്ക് ചിത്രം വരയ്ക്കാൻ ഡ്രോയിംങ്ങ് ബുക്കുകളും കളർ പെൻസിലുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ അമ്മമാർക്കുള്ള വനിതാ പ്രസിദ്ധീകരണങ്ങളും വായനശാലയിൽ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എഴുത്തുകാരുടെ കൂട്ടായ്മയായ 'നന്മ' എഴുത്തുകൂട്ടം 'അക്ഷരത്തട്ട്' എന്ന പേരിൽ പുതിയ സംരംഭം ആരംഭിച്ചത്.
വായനദിനത്തില്‍ വായനശാല ഒരുക്കി 'നന്മ' എഴുത്തുകൂട്ടം - pediatric ward library
വേദന അനുഭവിക്കുന്ന കുരുന്നുകൾക്ക് വായനയിലൂടെ ആശ്വാസവും ആത്മവിശ്വാസവും പകരുകയാണ് ആലപ്പുഴയിലെ 'നന്മ' എഴുത്തുകൂട്ടം.
പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി വേണുഗോപാൽ നിർവഹിച്ചു. ശേഷം ആശുപത്രി സൂപ്രണ്ട് ഡോ രാംലാലിന്‍റെയും ശിശുരോഗ വിഭാഗം മേധാവി ഡോ സാം വർക്കിയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇതോടൊപ്പം കൂട്ടായ്മയുടെ പ്രസിദ്ധീകരണമായ 'എഴുത്താള്‍' പുസ്തക സമര്‍പ്പണവും സംഘടിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ പദ്ധതി സാധ്യമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെപ്പേർ പുസ്തകങ്ങളുമായി ആശുപത്രിയിൽ എത്തുന്നുണ്ട്. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുവാന്‍ താല്‍പര്യം ഉളളവര്‍ക്ക് അവ നൽകുവാൻ ശിശുരോഗ സർജറി വാർഡിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ കഴിയുന്ന കുരുന്നുകൾക്ക് വേദനയുടെ ലോകത്ത് നിന്ന് അറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോവുക എന്നതാണ് ഇതിന്‍റെ അണിയറ പ്രവർത്തകരുടെ ലക്ഷ്യം.