ആലപ്പുഴ: ആറുവയസുള്ള മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലെന്നും സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടി ശ്രീമഹേഷിനു വേണ്ടി അഡ്വ. ജേക്കബ് ഉമ്മൻ സമർപ്പിച്ച ജാമ്യപേക്ഷയാണ് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
പ്രതി മകളെ വെട്ടി കൊലപ്പെടുത്തിയതിനൊപ്പം സ്വന്തം അമ്മയെയും ആക്രമിച്ചു എന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ റെയ്ച്ച എബ്രഹാം ചൂണ്ടിക്കാട്ടി. പ്രതി ശ്രീമഹേഷിന്‍റെ ചോദ്യം ചെയ്യല്‍ അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ ആകണമെന്ന് നിർദേശം നൽകാനാവശ്യപ്പെട്ട് അന്വേഷണ സംഘം പ്രത്യേക ഹർജി സമർപ്പിച്ചു.
ജൂൺ ഏഴിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീടിനുള്ളിൽ വച്ച് മകൾ നക്ഷത്രയെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയ പ്രതി, ബഹളം കേട്ട് അടുത്ത വീട്ടിൽ നിന്നും ഓടി വന്ന ഇയാളുടെ മാതാവ് സുനന്ദയേയും വെട്ടി പരിക്കേൽപ്പിച്ചിരുന്നു. അതേസമയം ശ്രീമഹേഷ് കൂട്ടക്കൊലയ്ക്കാണ് ലക്ഷ്യമിട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
മകൾ നക്ഷത്രയ്ക്ക് പുറമെ ഇയാളുടെ മാതാവ് സുനന്ദ, ശ്രീമഹേഷിന് പുനർ വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയും കൊലപ്പെടുത്താൻ ആയിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പൊലീസ് പറഞ്ഞത്. മൂന്നു കൊലയും നടത്തി ആത്മഹത്യ ചെയ്യുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് ഇയാൾ സംഭവ ദിവസം വീട്ടിലെത്തിയത് എന്നും ചോദ്യം ചെയ്‌തതിൽ നിന്നും പൊലീസിന് വ്യക്തമായി.