ആലപ്പുഴ:കള്ളവാറ്റ് കേസിൽ പിടിക്കപ്പെട്ട നാല് പ്രതികളെ ജയിലിലടക്കാൻ കഴിയാതെ മാരാരിക്കുളം പൊലീസ്. ഇവരിൽനിന്ന് വ്യാജവാറ്റ് പിടിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തശേഷം കോടതിയിൽ ഹാജരാക്കിയിട്ടും ജയിലിലാക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. പ്രതികളുടെ കൊവിഡ് 19 പരിശോധനാ ഫലം കിട്ടിയിട്ടില്ല എന്നതിനാലാണ് ഇവരെ ജയിലിൽ പ്രവേശിപ്പിക്കാൻ കഴിയാത്തത്. ജയിൽ മേധാവിയുടെ പുതിയ സർക്കുലർ ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ജയിൽ പ്രവേശനം ജയിൽ അധികൃതർ തടഞ്ഞത്.
കള്ളവാറ്റ് പ്രതികളെ ജയിലിൽ അടക്കാൻ കഴിയാതെ മാരാരിക്കുളം പൊലീസ് - പ്രാദേശിക വാർത്ത
ജയിൽ മേധാവിയുടെ പുതിയ സർക്കുലർ ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ജയിൽ പ്രവേശനം ജയിൽ അധികൃതർ തടഞ്ഞത്.
ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ വൈകുന്നേരം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്തു. ശേഷം ഇവരെ ജയിലിൽ പ്രവേശിക്കാൻ കൊണ്ടു പോയപ്പോഴാണ് കൊവിഡ് പരിശോധന ഫലം ലഭിക്കാതെ ജയിലിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചത്. ഇതേതുടർന്ന് പ്രതികളെ തിരികെ കോടതിയിൽ എത്തിച്ചെങ്കിലും ഒരിക്കൽ റിമാൻഡ് ചെയ്ത പ്രതികളെ ജയിലിലടക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് കോടതി അറിയിച്ചു.
തുടർന്ന് പൊലീസ് ജില്ലാ കലക്ടറെ സമീപിക്കുകയായിരുന്നു. ഇതോടെ പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിന് ജില്ലാ കലക്ടർ നിർദേശം നൽകി. ഇതിനിടയിൽ സാമൂഹ്യ അകലം പാലിക്കാൻ ഒരു സ്കൂൾ ബസും സംഘടിപ്പിച്ചു. ശേഷം പ്രതികളെയും കൊണ്ട് ശ്രവ പരിശോധനയ്ക്ക്. ഇനി പരിശോധനാഫലം വരെ പ്രതികളെയും കൊണ്ട് കറങ്ങുകയല്ലാതെ മറ്റു മാർഗങ്ങളൊന്നും മാരാരിക്കുളം പൊലീസിനില്ല.