ആലപ്പുഴ: സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അരൂർ എംഎൽഎ അഡ്വ. ഷാനിമോൾ ഉസ്‌മാൻ തന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിൽ കശ്‌മീരിനെ ഒഴിവാക്കിയത് വിവാദമാകുന്നു. സ്വാതന്ത്ര്യദിന സന്ദേശത്തിനൊപ്പം പോസ്റ്റ് ചെയ്‌ത ചിത്രത്തിലാണ് ഇന്ത്യയുടെ ഭൂപടത്തിൽ കശ്‌മീരിനെ ഒഴിവാക്കിയത്. ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച ഷാനിമോൾ ഉസ്‌മാൻ രാജ്യത്തെ അപമാനിച്ചതായി സി.പി.എം അരൂർ ഏരിയാ സെക്രട്ടറി പി.കെ സാബു കുറ്റപ്പെടുത്തി.
കശ്‌മീരിനെ ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം; ഷാനിമോൾ ഉസ്‌മാനെതിരെ സി.പി.എമ്മിന്‍റെ പരാതി - Shanimol Usman
ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച ഷാനിമോൾ ഉസ്‌മാൻ രാജ്യത്തെ അപമാനിച്ചതായി സി.പി.എം അരൂർ ഏരിയാ സെക്രട്ടറി പി.കെ സാബു കുറ്റപ്പെടുത്തി.
എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്‌ചക്കെതിരെ അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിലാണ് പരാതി നൽകിയത്. അധികാരത്തിലേറിയ ഷാനിമോൾ ഭരണഘടനാ ലംഘനമാണ് നടത്തിയത്. കശ്‌മീരിന്‍റെ ഒരു ഭാഗം അടർത്തി മാറ്റി ഇന്ത്യൻ ഭൂപടം പ്രസിദ്ധീകരിക്കുക വഴി എംഎൽഎയുടെ ഉള്ളിലിരുപ്പ് വെളിവായി. വിഷയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. എം.എൽ.എ സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം. നിയമ നടപടി ആവശ്യപ്പെട്ട് രാഷ്‌ട്രപതി, ഗവർണർ, ഡിജിപി തുടങ്ങിയവർക്ക് പരാതി നൽകിയതായും ഇതിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി.കെ സാബു പറഞ്ഞു.